ജനസംഖ്യാ കണക്കെടുപ്പ്​ എത്രയും വേഗത്തിൽ പൂർത്തിയാക്കണമെന്ന് സോണിയാ ഗാന്ധി

രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ്​ എത്രയും വേഗത്തിൽ പൂർത്തിയാക്കണമെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ സോണിയാ ഗാന്ധി രാജ്യസഭയിൽ ആവശ്യപ്പെട്ടു. 14 കോടിയോളം ജനങ്ങൾക്ക്​ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും അവർ വ്യക്​തമാക്കി.

ഏറ്റവും പുതിയ ജനസംഖ്യാ കണക്കുകൾക്ക്​ പകരം 2011​ലെ സെൻസസ്​ പ്രകാരമാണ്​ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്​ കീഴിലെ ഗു​ണഭോക്​താക്കളെ കണ്ടെത്തുന്നത്​. 2013 സെപ്റ്റംബറിലാണ്​ യുപിഎ സർക്കാർ ഭക്ഷ്യസുരക്ഷാ നിയമം കൊണ്ടുവന്നത്​. രാജ്യത്തെ 140 കോടി ജനങ്ങൾക്ക് ഭക്ഷണവും പോഷക സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന പദ്ധതിയാണിത്​​.

ദശലക്ഷക്കണക്കിന് ദുർബലരായ കുടുംബങ്ങളെ പട്ടിണിയിൽനിന്ന് സംരക്ഷിക്കുന്നതിൽ ഈ നിയമം നിർണായക പങ്കുവഹിച്ചു, പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിൽ. 2011ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കൾക്കുള്ള ക്വാട്ട ഇപ്പോഴും നിശ്ചയിച്ചിരിക്കുന്നതെന്നും ഇതിന്​ ഒരു പതിറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും സോണിയാ ഗാന്ധി പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ദശാബ്ദക്കാലത്തെ സെൻസസ് നാല് വർഷത്തിലധികം വൈകുന്നത്. 2021ലാണ് ഇത് ആദ്യം ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ, സെൻസസ് എപ്പോൾ നടത്തുമെന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന്​ ഇപ്പോഴും വ്യക്തതയില്ല. പുതിയ സെൻസസ് ഈ വർഷം നടത്താൻ സാധ്യതയില്ലെന്നാണ്​ ബജറ്റ് വിഹിതം കാണിക്കുന്നത്​. ഭക്ഷ്യസുരക്ഷ ഒരു പ്രത്യേകാവകാശമല്ല, അതൊരു മൗലികാവകാശമാണെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേർത്തു.

Exit mobile version