രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് എത്രയും വേഗത്തിൽ പൂർത്തിയാക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി രാജ്യസഭയിൽ ആവശ്യപ്പെട്ടു. 14 കോടിയോളം ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും അവർ വ്യക്തമാക്കി.
ഏറ്റവും പുതിയ ജനസംഖ്യാ കണക്കുകൾക്ക് പകരം 2011ലെ സെൻസസ് പ്രകാരമാണ് ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിലെ ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. 2013 സെപ്റ്റംബറിലാണ് യുപിഎ സർക്കാർ ഭക്ഷ്യസുരക്ഷാ നിയമം കൊണ്ടുവന്നത്. രാജ്യത്തെ 140 കോടി ജനങ്ങൾക്ക് ഭക്ഷണവും പോഷക സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന പദ്ധതിയാണിത്.
ദശലക്ഷക്കണക്കിന് ദുർബലരായ കുടുംബങ്ങളെ പട്ടിണിയിൽനിന്ന് സംരക്ഷിക്കുന്നതിൽ ഈ നിയമം നിർണായക പങ്കുവഹിച്ചു, പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിൽ. 2011ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കൾക്കുള്ള ക്വാട്ട ഇപ്പോഴും നിശ്ചയിച്ചിരിക്കുന്നതെന്നും ഇതിന് ഒരു പതിറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും സോണിയാ ഗാന്ധി പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ദശാബ്ദക്കാലത്തെ സെൻസസ് നാല് വർഷത്തിലധികം വൈകുന്നത്. 2021ലാണ് ഇത് ആദ്യം ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ, സെൻസസ് എപ്പോൾ നടത്തുമെന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന് ഇപ്പോഴും വ്യക്തതയില്ല. പുതിയ സെൻസസ് ഈ വർഷം നടത്താൻ സാധ്യതയില്ലെന്നാണ് ബജറ്റ് വിഹിതം കാണിക്കുന്നത്. ഭക്ഷ്യസുരക്ഷ ഒരു പ്രത്യേകാവകാശമല്ല, അതൊരു മൗലികാവകാശമാണെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേർത്തു.
Discussion about this post