പല രാജ്യങ്ങളിലും കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർമാരുടേയും ജില്ലാ സർവൈലൻസ് ഓഫീസർമാരുടേയും യോഗത്തിലാണ് മന്ത്രി നിർദ്ദേശം നൽകിയത്.
ജില്ലകൾ കൃത്യമായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യണമെന്നും എവിടെയെങ്കിലും കോവിഡ് കേസുകൾ വർദ്ധിക്കുന്നുണ്ടോ എന്ന് കണ്ടെത്തി അതനുസരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് മെയ് മാസം 273 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോട്ടയം 82, തിരുവനന്തപുരം 73, എറണാകുളം 49, പത്തനംതിട്ട 30, തൃശൂർ 26 എന്നിങ്ങനെയാണ് ഈ മാസം ഇതുവരെയുള്ള കണക്ക്.
തൊണ്ടവേദന, ജലദോഷം, ചുമ, എന്നിവുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം. പൊതു സ്ഥലങ്ങളിലും യാത്രകളിലും പ്രായമായവർ, ഗർഭിണികൾ, ഗുരുതര അരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നിവർ മാസ്ക് ധരിക്കുന്നതായിരിക്കും നല്ലത്. ആരോഗ്യ പ്രവർത്തകരും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണം. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകഴുന്നത് നല്ലതാണ്. സ്വയം പ്രതിരോധം പ്രധാനമാണെന്നും അരോഗ്യമന്ത്രി പറഞ്ഞു. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post