ആശ വർക്കർമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. നാളെ വൈകിട്ട് മൂന്ന് മണിക്ക് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ചേംബറിൽ വെച്ചാണ് ചർച്ച. സമരം ആരംഭിച്ചശേഷം ഇത് മൂന്നാമത്തെ തവണയാണ് സർക്കാർ ആശമാരെ ചർച്ചയ്ക്ക് വിളിക്കുന്നത്. ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും ആവശ്യങ്ങൾ മുന്നോട്ട് വെക്കുമെന്നും സമരം ചെയ്യുന്നവർ പറയുന്നു.
പ്രഖ്യാപനങ്ങളോ ഉറപ്പുകളോ അല്ല വേണ്ടതെന്നും ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് ലഭ്യമായാൽ മാത്രമെ പിന്മാറുകയുള്ളൂവെന്ന് സമരസമിതി നേതാവ് മിനി പറഞ്ഞു. അതിൽ വിട്ടുവീഴ്ചയുണ്ടാകില്ല എന്നും അവർ അറിയിക്കുന്നു.
കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ചർച്ചയിൽ പുതുതായി ഒന്നുമില്ലെന്നാണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ പ്രതികരിച്ചത്. കേന്ദ്രം ഇൻസെന്റീവ് വർധിപ്പിക്കുന്ന കാര്യമാണ് മന്ത്രി പറയുന്നത്. അത് നേരത്തേ തന്നെ കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞിട്ടുള്ള കാര്യമാണ്. ഓണറേറിയം വർധിപ്പിക്കുന്ന കാര്യം ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്രസർക്കാരുമായി ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നാണ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു പറഞ്ഞത്.
Discussion about this post