സെക്രട്ടേറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ വർക്കർമാരുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ച പരാജയം. എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായുള്ള ചർച്ചയിൽ സമരക്കാരുടെ ആവശ്യങ്ങളൊന്നും ചർച്ച ചെയ്യപ്പെട്ടില്ല. ചർച്ച ഫലം കാണാത്തതിനാൽ നാളെ നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാർ വ്യക്തമാക്കി.
ഏറെ പ്രതീക്ഷയോടെയാണ് ഇന്ന് സർക്കാരുമായി ആശാ പ്രവർത്തകർ ചർച്ചക്ക് എത്തിയതെങ്കിലും നിരാശ ആയിരുന്നു ഫലം. ഒരു മണിക്കൂറോളം ചർച്ച നീണ്ടിരുന്നു. സർക്കാരിന്റെ കയ്യിൽ ഇപ്പോൾ പണമില്ലെന്നും, കാത്തിരിക്കണം എന്നുമായിരുന്നു സർക്കാർ പറഞ്ഞത്. സമരം അവസാനിപ്പിക്കണം എന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൂടുതൽ ശക്തമായി സമരവുമായി മുന്നോട്ട് പോകാനാണ് ചർച്ച അവസാനിച്ച ശേഷം സമരക്കാർ തീരുമാനിച്ചത്.
ജീവിക്കാൻ വേണ്ട ഏറ്റവും മിനിമം ചോദിക്കുമ്പോഴാണ് ഖജനാവിൽ പണമില്ല എന്ന് പറയുന്നത്. മറ്റ് പലർക്കും ലക്ഷങ്ങൾ കൊടുക്കാൻ കഴിയുന്നുണ്ട്. അതുകൊണ്ട് ഖജനാവിൽ പണമില്ല എന്ന വാദം അംഗീകരിക്കാനാവില്ലെന്നും ആശമാർ പറഞ്ഞു.
Discussion about this post