ബിജെപി സമൂഹത്തെ ഭിന്നിപ്പിക്കുകയാണെന്നും അവരുടെ ‘ജയ് ശ്രീറാമിന്’ പകരമായി ‘ജയ് ഭവാനി, ജയ് ശിവാജി’മുദ്രാവാക്യങ്ങൾ വിളിക്കാൻ ശിവസേന (യുബിടി) മേധാവിയും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ ഞായറാഴ്ച തന്റെ അനുയായികളോട് അഭ്യർഥിച്ചു. ശിവസേന (യുബിടി) പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ, ബിജെപി നേതൃത്വത്തിലുള്ള ഭരണകൂടത്തെ അഡോൾഫ് ഹിറ്റ്ലറുടെ കീഴിലുള്ള നാസി ജർമനിയോട് താക്കറെ താരതമ്യം ചെയ്തു.
“ആരെങ്കിലും ജയ് ശ്രീറാം എന്ന് പറഞ്ഞാൽ, അവർ പോകുന്നതിനുമുമ്പ് നിങ്ങളും ജയ് ശിവാജി, ജയ് ഭവാനി എന്ന് പറയുക. ബിജെപി നമ്മുടെ സമൂഹത്തെ വിഷലിപ്തമാക്കിയിരിക്കുന്നു. അവര്‍ക്കെതിരെ ശക്തമായി പോരാടണം” അദ്ദേഹം പറഞ്ഞു. രാജ്യത്തോടുള്ള ബിജെപിയുടെ പ്രതിബദ്ധതയെക്കുറിച്ചും ഉദ്ധവ് താക്കറെ ആശങ്ക പ്രകടിപ്പിച്ചു. അന്താരാഷ്ട്ര കായിക മത്സരങ്ങളിലുള്ള അവരുടെ പരസ്പരവിരുദ്ധമായ നിലപാടിനെയും ചൂണ്ടിക്കാട്ടി. പാകിസ്താനുമായുള്ള കായിക മത്സരങ്ങളെ ബിജെപി മുമ്പ് എതിർത്തിരുന്നെങ്കിലും, ഇന്ത്യ ഇപ്പോൾ പാകിസ്താനുമായും ബംഗ്ലാദേശുമായും ക്രിക്കറ്റ് മത്സരങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
Discussion about this post