കാസർഗോഡ് പൈവളിഗെയിലെ 15കാരിയുടെയും അയൽവാസിയായ യുവാവിൻ്റെയും മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം നടന്നത്. കൂടുതൽ പരിശോധനയ്ക്കായി ഇരുവരുടെയും സാമ്പിളുകൾ ഫോറൻസിക് ലാബിലേക്ക് അയച്ചു. മൃതദേഹങ്ങൾക്ക് 26 ദിവസത്തെ പഴക്കമാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ആത്മഹത്യ യിലേക്ക് നയിച്ച കാരണത്തെ സംബന്ധിച്ച് പൊലീസിന് വ്യക്തതയില്ല. ഇരുവരുടെയും മൊബൈൽ ഫോണുകൾ സൈബർ വിഭാഗത്തിന് കൈമാറി.
അതേസമയം, മരിച്ച പത്താം ക്ലാസുകാരി ശ്രേയയുടെ അമ്മ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ് വന്നു. കേസ് പരിഗണിച്ച കോടതി പൊലീസിനെയും രൂക്ഷമായി വിമർശിച്ചു. ഒരു വിഐപിയുടെ മകൾ ആയിരുന്നെങ്കിൽ പൊലീസ് ഇങ്ങനെ കാണിക്കുമോയെന്ന് കോടതി ചോദിച്ചു. കുട്ടിയെ കാണാതായതുമുതൽ കണ്ടെത്താൻ എടുത്ത കാലതാമസമാണ് കോടതിയെ ചൊടിപ്പിച്ചത്. നിയമത്തിന് മുന്നിൽ വിവിഐപിയും തെരുവിൽ താമസിക്കുന്നവരും തുല്യരാണ്. അന്വേഷണ ഉദ്യോഗസ്ഥൻ നാളെ ഹൈക്കോടതിയിൽ കേസ് ഡയറിയുമായി ഹാജരാകണമെന്നും കോടതി പറഞ്ഞു.
ഫെബ്രുവരി 12 നാണ് പെൺകുട്ടിയെയും പ്രദീപിനെയും കാണാതായത്. ഇന്നലെ നടത്തിയ തിരച്ചിലിലാണ് ഇവരെ വീടിന് 200 മീറ്റർ ചുറ്റളവിലുള്ള സ്ഥലത്ത് നിന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.
Discussion about this post