വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളെ കൂടുതൽ കേസുകളിൽ സിബിഐ പ്രതിചേർത്തു. നേരത്തെ ആറ് കേസുകളിൽ ഇവരെ പ്രതിയാക്കി കുറ്റപത്രം നൽകിയിരുന്നു. ഈ കേസുകളിലെല്ലാം ഇരുവർക്കുമെതിരെ സാക്ഷിമൊഴികളും രേഖകളും ശാസ്ത്രീയ തെളിവുകളുമെല്ലാമുണ്ടെന്ന് ബുധനാഴ്ച കേസ് പരിഗണിക്കവെ സിബിഐ ചൂണ്ടിക്കാട്ടി. ഇരുവർക്കും സമൻസ് അയക്കുന്നതിനുള്ള നടപടിക്രമം ഈ മാസം 25ന് സിബിഐ കോടതി പരിഗണിക്കും.
അതേ സമയം പ്രതികളായ കുട്ടി മധുവും പ്രദീപ് കുമാറും മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ കൂടുതൽ അന്വേഷണമെന്ന ആവശ്യം സിബിഐ ഉന്നയിച്ചിട്ടുണ്ട്. ഇതിലുൾപ്പെടെ മൂന്ന് കേസുകളിലാണ് കൂടുതൽ അന്വേഷണത്തിന് അപേക്ഷ നൽകിയത്. ഇതിൽ ഒരു കേസിൽ കൂടുതലന്വേഷണത്തിന് കോടതി അനുമതി നൽകിയിട്ടുണ്ട്.
മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ നൽകിയ കുറ്റപത്രം അംഗീകരിക്കരുതെന്ന് മാതാപിതാക്കളുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ കുറ്റപത്രം അംഗീകരിക്കുന്നതിൽ തീരുമാനമെടുത്ത് സമൻസ് അയച്ച ശേഷം മാതാപിതാക്കളുടെ വാദം കേൾക്കാമെന്ന് എറണാകുളം പ്രത്യേക സിബിഐ കോടതി അറിയിച്ചു. സിബിഐ നൽകിയ കുറ്റപത്രങ്ങൾ അനുസരിച്ച് ആറ് കേസുകളിലും അമ്മ രണ്ടാം പ്രതിയും അച്ഛൻ മൂന്നാം പ്രതിയുമാണ്.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില് 13 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2017 മാർച്ച് നാലിന് ഇതേ വീട്ടിൽ സഹോദരിയായ ഒമ്പത് വയസുകാരിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 2017 മാർച്ച് ആറിന് പാലക്കാട് എ എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
Discussion about this post