ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഇന്നലെ നേരിട്ടെത്തി പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്തി. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താനും, ലഹരി വിൽപ്പന തടയാനും ഇക്കുറി പ്രത്യേക ജാഗ്രതയുണ്ടാകും. ഭക്തരുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നും അവലോകന യോഗം വിലയിരുത്തി.
രാവിലെ 10ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഇത്തവണത്തെ ഉത്സവം ആരംഭിക്കും. വൈകീട്ട് 6-ന് കലാപരിപാടികളുടെ ഉദ്ഘാടനം നടി നമിതാ പ്രമോദ് നിർവഹിക്കും. ആറ്റുകാൽ അംബാ പുരസ്‌കാരം ഡോ.കെ.ഓമനക്കുട്ടിക്ക് സമർപ്പിക്കും. തിരക്ക് നിയന്ത്രിക്കാൻ ഇക്കുറി പ്രത്യേക ക്യൂ സൗകര്യമുണ്ടാകും. എല്ലാ വകുപ്പുകളെയും ഏകീകരിച്ചുള്ള പ്രവർത്തനങ്ങളും സജ്ജമായി കഴിഞ്ഞു.
കടുത്ത വേനൽ പ്രതീക്ഷിക്കുന്നതിനാൽ ഭക്തർക്ക് ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും ഉറപ്പ് വരുത്തും. കൂടുതൽ ഗതാഗത-ഫയർ ആൻഡ് റെസ്‌ക്യൂ, മെഡിക്കൽ സംവിധാനം ഉറപ്പ് വരുത്താനും പ്രത്യേക നിർദേശമുണ്ട്. ഈ മാസം പതിമൂന്നിനാണ് ആറ്റുകാൽ പൊങ്കാല.
പൊങ്കാലയോട് അനുബന്ധിച്ചു ഇതിനോടകം തന്നെ വിപണി സജീവമാണ്. നഗരസഭയുടെ വിവിധ സ്‌ക്വാഡുകൾ പരിശോധനകൾ ഉൾപ്പടെ ആരംഭിച്ചിട്ടുണ്ട്.
Discussion about this post