ബോഡിബിൽഡിംഗ് താരങ്ങളെ പോലീസ് ഇൻസ്പെക്ടർ തസ്തികയില്ക്ക് നിയമിക്കാനുള്ള സർക്കാരിൻറെ നീക്കത്തിന് തിരിച്ചടി. മന്ത്രിസഭയുടെ നിയമന ഉത്തരവ് ലഭിച്ച് കായിക ക്ഷമതാ പരീക്ഷയ്ക്കെത്തിയ രാജ്യാന്തര ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പുകളിൽ വിജയം നേടിയ കണ്ണൂർ സ്വദേശി ഷിനു ചൊവ്വയ്ക്ക് തിങ്കളാഴ്ച രാവിലെ പേരൂർക്കട എസ് പി ഗ്രൗണ്ടിൽ നടന്ന കായിക ക്ഷമതാ പരീക്ഷയിൽ പാസാകാനായില്ല.
100 മീറ്റർ ഓട്ടം, ലോങ് ജമ്പ്, ഹൈ ജമ്പ്, 1500 മീറ്റർ ഓട്ടം എന്നീ ഇനങ്ങൾ ഷിനുവിന് യോഗ്യത നേടാൻ കഴിഞ്ഞില്ല. മന്ത്രിസഭ നിയമന ശുപാർശ നൽകിയ മറ്റൊരു ബോഡിബിൽഡറായ കൊച്ചി സ്വദേശി ചിത്തരേഷ് നടേശൻ പരീക്ഷയിൽ പങ്കെടുക്കാൻ എത്തിയില്ല. ഇരുവരെും ആർമ്ഡ് പോലീസ് സബ് ഇൻസ്പെക്ടർ ആക്കാനുള്ള നിയമന ശുപാർശയാണ് നൽകിയത്.
സാധാരണഗതിയിൽ ഒളിമ്പിക്സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളിൽ മെഡൽ നേടിയ താരങ്ങളെയാണ് പൊലീസ് സ്പോർട്സ് ക്വാട്ടയിലേക്ക് പരിഗണിക്കുന്നത്. ഇത് മറികടന്നായിരുന്നു മന്ത്രിസഭയുടെ പുതിയ തീരുമാനം.
അംഗീകൃത കായിക ഇനങ്ങളിലെ താരങ്ങൾ അടക്കം സ്പോർട്സ് ക്വാട്ട വഴിയുള്ള സർക്കാർ ജോലിക്കായി വർഷങ്ങളായി കാത്തിരിക്കുമ്പോൾ സർക്കാർ ഇത്തരത്തിലൊരു തീരുമാനമെടുത്തത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
ഇരുവരുടെയും രാജ്യാന്തര നേട്ടങ്ങൾ പരിഗണിച്ചാണ് ബോഡിബിൽഡർമാർക്ക് നിയമന ശുപാർശ നൽകിയത്. ഇത് പ്രത്യേക കേസായി പരിണിക്കാമെന്നതായിരുന്നു സർക്കാരിന്റെ ന്യായം. ആദ്യം ആഭ്യന്തരവകുപ്പ് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പ്രത്യേക കേസായി പരിഗണിച്ച് വ്യവസ്ഥകളിൽ ഇളവ് വരുത്തി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
Discussion about this post