സംസ്ഥാനത്തെ ആംബുലന്‍സ് നിരക്ക് ഏകീകരിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. 600 മുതല്‍ 2500 രൂപവരെയാണ് പുതിയ നിരക്ക് നിജപ്പെടുത്തിയത്. കാന്‍സര്‍ ബാധിതര്‍ക്കും, 12 വയസിന് താഴെയുള്ള കുട്ടികള്‍ക്കും കിലോമീറ്ററിന് രണ്ട് രൂപ ഇളവ് നല്‍കണം. ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് 20% ഇളവ് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
ഐസിയു സപ്പോര്‍ട്ട് ഉള്ള ഡി ലെവല്‍ ആംബുലന്‍സിന്റെ മിനിമം ചാര്‍ജ് 20 കിലോമീറ്ററിന് 2500 രൂപയാക്കി നിശ്ചയിച്ചു. സി ലെവല്‍ ട്രാവലര്‍ ആംബുലന്‍സിന് 1500 രൂപയാകും പുതുക്കിയ നിരക്ക്. ബി ലെവല്‍ നോണ്‍ എസി ട്രാവലറിനു 1000 രൂപയും ഈടാക്കാം. എ ലെവല്‍ എസി ആംബുലന്‍സുകള്‍ക്ക് 800 രൂപ മാത്രം ഈടാക്കാം. എ ലെവല്‍ നോണ്‍ എസി ആംബുലന്‍സുകള്‍ക്ക് 600 രൂപയും ചാര്‍ജ് ചെയ്യും.
നിരക്ക് വിവരങ്ങളെല്ലാം ആംബുലന്‍സില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. പലയിടത്തും ആംബുലന്‍സുകള്‍ അമിത ചാര്‍ജ് ഈടാക്കുന്നെന്ന പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
Discussion about this post