ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗാവസ്കർ ട്രോഫിയിലെ അവസാനമത്സരത്തിൽ രോഹിത് ശർമ്മയ്ക്ക് പകരം പേസ് ബൗളർ ജസ്പ്രീത് ബുംറ ടീമിനെ നയിക്കുമെന്ന് സൂചന. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ബുംറയുടെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. മത്സരത്തിൽ ഇന്ത്യ വൻ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.
സിഡ്നി ടെസ്റ്റിൽ കളിക്കാനില്ലെന്ന് അറിയിച്ച് രോഹിത് ശർമ്മ സ്വയം ഒഴിവാകാനുള്ള സന്നദ്ധത പരിശീലകൻ ഗൗതം ഗംഭീറിനെയും മുഖ്യ സെലക്ടർ അജിത് അഗാർക്കറിനെയും അറിയിച്ചതായാണ് വിവരം. അങ്ങനെയെങ്കിൽ രോഹിത്തിന് പകരം ബുംറ നായകനാകും. നേരത്തേ വാർത്താസമ്മേളനത്തിൽ രോഹിത് സിഡ്നി ടെസ്റ്റിൽ കളിക്കുമോ എന്ന കാര്യത്തിൽ ഗംഭീർ വ്യക്തമായ ഉത്തരം നൽകിയിരുന്നില്ല. രാവിലെ പിച്ച് പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ എന്നാണ് പരിശീലകൻ മറുപടി നൽകിയത്. അന്തിമ ഇലവനെ കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഗംഭീർ വ്യക്തമാക്കിയിരുന്നു. അതേസമയം സിഡ്നിയിൽ ജയിച്ച് ബോർഡർ ഗാവസ്കർ ട്രോഫി നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഗംഭീർ കൂട്ടിച്ചേർത്തു.
രോഹിത്തിന്റെ ടീമിലെ സ്ഥാനമാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട വൃത്തങ്ങളിലെ പ്രധാന ചർച്ചയായിരുന്നത്. രോഹിത് വിട്ടുനിന്ന പെർത്തിലെ ആദ്യ ടെസ്റ്റിൽ ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കി. എന്നാൽ പിന്നീട് രോഹിത് തിരിച്ചെത്തിയതോടെ ക്യാപ്റ്റനെ എവിടെ കളിപ്പിക്കുമെന്ന ആശയക്കുഴപ്പമുണ്ടായി. എന്നാൽ അഡ്ലെയ്ഡിലും ബ്രിസ്ബെയ്നിലും ആറാം നമ്പറിലേക്ക് സ്വയം മാറിയ രോഹിത് പരാജയമായി. മെൽബണിൽ ഓപ്പണറായി മടങ്ങിയെത്തിയിട്ടും മാറ്റമൊന്നും ഉണ്ടായില്ല. ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും രോഹിത്തിന്റെ പ്രകടനത്തിൽ ടീം മാനേജ്മെന്റും അതൃപ്തരാണ്. സിഡ്നി ടെസ്റ്റോടെ രോഹിത് വിരമിച്ചേക്കുമെന്ന റിപ്പോർട്ടുകളും ഇതിനോടകം വാർത്തകളിൽ നിറഞ്ഞിരുന്നു.
Bumrah to lead Indian team.
Discussion about this post