ചലച്ചിത്രതാരം മേഘനാഥൻ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടിന് ഷൊർണൂർ വാടാനംകുറിശ്ശിയിലെ വീട്ടിൽ നടക്കും. വില്ലൻ വേഷങ്ങളിലൂടെയും ക്യാരക്ടർ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകശ്രദ്ധയാകർഷിച്ച മേഘനാഥൻ അൻപതോളം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. വിഖ്യാത നടൻ ബാലൻ കെ.നായരുടെ മകനാണ്. ഭാര്യ: സുസ്മിത, മകൾ: പാർവതി.
തിരുവനന്തപുരത്തു ജനിച്ച മേഘനാഥന്റെ പ്രാഥമിക വിദ്യാഭ്യാസം ചെന്നൈയിലെ ആശാൻ മെമ്മോറിയൽ അസോസിയേഷനിൽ നിന്നായിരുന്നു. കോയമ്പത്തൂരിൽനിന്ന് ഓട്ടമൊബീൽ എൻജീയറിങ്ങിൽ ഡിപ്ലോമ നേടി. 1983 ൽ പി.എൻ.മേനോന്റെ അസ്ത്രം സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. വില്ലൻ വേഷങ്ങളാണ് ഏറെയും ചെയ്തതെങ്കിലും ക്യാരക്ടർ വേഷങ്ങൾ ലഭിച്ചപ്പോൾ അത് അസാധാരണ മികവോടെ അവതരിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. സിനിമയ്ക്കൊപ്പം കൃഷിയെയും ഇഷ്ടപ്പെട്ടിരുന്ന മേഘനാദൻ മികച്ച കർഷകൻ കൂടിയായിരുന്നു.
പഞ്ചാഗ്നി, ഉയരങ്ങളിൽ ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകൻ, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം, ആക്‌ഷൻ ഹീറോ ബിജു തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 2022ൽ റിലീസ് ചെയ്ത കൂമനാണ് മേഘനാഥന്റെ അവസാന ചിത്രം.
Discussion about this post