കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ തള്ളി പാലക്കാട് ഡിസിസി. പാർട്ടിയുടെ നോമിനിയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ പറഞ്ഞു. കെ മുരളീധരന് വേണ്ടി നൽകിയതു പോലെ രാഹുലിന് വേണ്ടിയും ഡിസിസി കത്ത് നൽകിയിരുന്നു. രാഹുലിനെ മത്സരിപ്പിക്കുന്നതിൽ ആർക്കും നീരസമില്ലെന്നും മികച്ച ഭൂരിപക്ഷത്തിൽ രാഹുലിനെ വിജയിപ്പിക്കാൻ നേതാക്കൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ മുരളീധരന്റെ പേരിനേക്കാൾ കൂടുതൽ ഉയർന്ന് വന്നത് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. വടകര എംപി ഷാഫി പറമ്പിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് നിർദേശിച്ചതെന്നും സുധാകരൻ പറഞ്ഞിരുന്നു.
അതേസമയം, പാലക്കാട് ഡിസിസിയുടെ കത്ത് ചോർന്നത് അന്വേഷിക്കാനാണ് കെപിസിസി നേതൃത്വത്തിൻറെ തീരുമാനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിർണായക ഘട്ടത്തിൽ കത്ത് പുറത്തുവിട്ടത് ആരാണെന്ന് കണ്ടെത്താനാണ് ശ്രമം. കത്ത് വിവാദം കൂടുതൽ ചർച്ചയാക്കേണ്ടെന്നും ഡിസിസി നേതൃത്വത്തിന് കെപിസിസി നിർദേശം നൽകി. കത്ത് എൽഡിഎഫും എൻഡിഎയും ആയുധമാക്കിയതോടെ യുഡിഎഫ് പൂർണമായും പ്രതിരോധത്തിലാണ്.
എന്നാൽ കത്ത് പുറത്തുവന്നത് പാർട്ടി പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പത്തിന് വഴിയൊരുക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കെ മുരളീധരനെ സ്ഥാനാർത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ഡിസിസി കോൺഗ്രസ് ഹൈക്കമാൻ്റിന് കൈമാറിയ കത്തിൻ്റെ പകർപ്പ് പുറത്തുവന്നിരുന്നു. പാലക്കാട് മണ്ഡലത്തിൽ യുഡിഎഫിന്റെ വിജയം ഉറപ്പാക്കാൻ കെ മുരളീധരനാണ് മറ്റാരേക്കാളും അനുയോജ്യനായ സ്ഥാനാർത്ഥിയെന്നാണ് കത്തിലുള്ളത്.
Discussion about this post