ലയണൽ മെസിയും അർജന്റീനയും കേരളത്തിൽ പന്തു തട്ടുമെന്നുറപ്പായി. അടുത്ത വർഷം വർഷം ഒക്ടോബറിൽ മെസിയും സംഘവും സൗഹൃദമത്സരത്തിനായി കേരളത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. കായികമന്ത്രി വി അബ്ദുറഹിമാൻ സ്‌പെയിനിലെത്തി അർജന്റീനിയൻ ഫുട്‌ബോൾ അസോസിയേഷനുമായി (എഎഫ്എ) നടത്തിയ ചർച്ചയിലാണ് തീരുമാനം.
തങ്ങളുടെ ദേശീയ ടീമിനെ രണ്ട് മത്സരങ്ങൾ കളിപ്പിക്കാൻ കേരളത്തിലേക്കയക്കാൻ എഎഫ്എ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാകും സൗഹൃദ മത്സരം നടക്കുക. സ്റ്റേഡിയം പരിശോധിക്കാൻ അർജന്റീന അധികൃതർ നവംബർ ആദ്യം കൊച്ചിയിലെത്തുമെന്നാണ് സൂചന.
അർജന്റീനയ്ക്ക് എതിരായി കളിക്കാൻ കഴിയുന്ന ടീമുകളുടെ പട്ടിക നൽകാൻ എഎഫ്എ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലിസ്റ്റ് സമർപ്പിച്ചുകഴിഞ്ഞാൽ എഎഫ്എ എതിരാളികളെ തിരഞ്ഞെടുക്കും. കേരളത്തിൽ വിവിധയിടങ്ങളിൽ സർക്കാരുമായി സഹകരിച്ച് അർജന്റീന ഫുട്ബോൾ അക്കാദമികൾ സ്ഥാപിക്കും എന്നാണ് വിവരം. അർജന്റീനാ ടീം കേരളത്തിലെത്തുന്ന സമയവും തീയതിയും ഔദ്യോഗികമായി പിന്നീട് അറിയിക്കും.
Discussion about this post