രാജ്യത്തെ നിലവിലെ സിവിൽ കോഡ് ഭിന്നിപ്പിക്കുന്നതാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്ത്. ഭരണഘടനാ ശിൽപി അംബേദ്കർ എഴുതിയ സിവിൽ കോഡുകൾ എങ്ങനെ മതപരമാകുമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ചോദിച്ചു. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത പ്രധാനമന്ത്രിക്ക് ഇത് എങ്ങനെയാണ് പറയാൻ കഴിയുകഎന്നും കോൺഗ്രസ് നേതാവ് വിമർശിച്ചു. പ്രധാനമന്ത്രി തന്റെ സ്ഥാനത്തെ ബഹുമാനിക്കണമെന്നും കോൺഗ്രസ് നേതാവ് പവൻഖേര പറഞ്ഞു.
നിലവിലെ സിവിൽകോഡ് ഭിന്നിപ്പിക്കുന്നതാണെന്നും മതപരമായ വിവേചനം ഇല്ലാതാക്കാൻ മതേതര സിവിൽകോഡ് നടപ്പിലാക്കേണ്ടതുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി ചെങ്കോട്ടയിലെ പ്രസംഗത്തിൽ പരാമർശിച്ചത്. രാജ്യത്ത് മതേതര സിവിൽകോഡ് ഉണ്ടാക്കേണ്ടത് കാലഘത്തിന്റെ ആവശ്യം ആണെന്ന് വിശ്വസിക്കുന്നു. എങ്കിൽ മാത്രമെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തിൽ നിന്നും നമുക്ക് മുക്തരാവാനാകൂ എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
അതേസമയം ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനാഘോഷത്തിനെത്തിയ രാഹുൽ ഗാന്ധിയെ പിൻ നിരയിൽ ഇരുത്തിയെന്ന് ആക്ഷേപം ഉയർന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവെന്ന നിലയിൽ പ്രോട്ടോകോൾ പ്രകാരം മുൻനിരയിലാണ് രാഹുലിന് സീറ്റ് ക്രമീകരിക്കേണ്ടിയിരുന്നതെന്ന് ചൂണ്ടികാട്ടിയാണ് വിമർശനം. പത്ത് വർഷത്തിനിടെ ആദ്യമായാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഒരു പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത്. ഒളിംപിക്സ് മെഡൽ ജേതാക്കൾക്കൊപ്പം പിന്നിൽ നിന്നും രണ്ടാമത്തെ വരിയിലായിരുന്നു രാഹുലിന്റെ സീറ്റ്. ഏറ്റവും മുൻ നിരയിൽ കേന്ദ്രമന്ത്രിമാരായ നിർമ്മലാ സീതാരാമൻ, ശിവരാജ് സിംഗ് ചൗഹാൻ, അമിത് ഷാ, എസ് ജയശങ്കർ എന്നിവരായിരുന്നു. ഇവർക്കൊപ്പമാണ് ലോക്സഭാ പ്രതിപക്ഷ നേതാവിനും ഇരിപ്പിടം ഒരുക്കേണ്ടിയിരുന്നത്. എന്നാൽ കേന്ദ്ര മന്ത്രിമാരുടെ അതേ റാങ്കുള്ള പ്രതിപക്ഷ നേതാവിനെ പിന്നിൽ ഇരുത്തിയതിനെതിരെയാണ് വിമർശനം ഉയരുന്നത്. എന്നാൽ ഒളിംപിക്സ് താരങ്ങൾക്ക് സീറ്റൊരുക്കാനാണ് രാഹുലിനെ രണ്ടാം നിരയിൽ ഇരുത്തിയതെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. സീറ്റ് ക്രമീകരിച്ചതിന്റെ ചുമതല പ്രതിരോധ മന്ത്രാലയത്തിനാണ്.
Discussion about this post