ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരീക്ഷാ കേന്ദ്രങ്ങളുടെ അടിസ്ഥാനത്തിലുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. സുപ്രീം കോടതി നിർദേശപ്രകാരമാണ് ദേശീയ പരീക്ഷാ ഏജൻസിയുടെ ഈ നടപടി.
നീറ്റ് യുജി പരീക്ഷയിൽ വിവാദങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടെയാണ് മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഓരോ വിദ്യാർഥിക്കും ലഭിച്ച മാർക്ക് പരീക്ഷാ കേന്ദ്രങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) ഔദ്യോഗിക വെബ്സൈറ്റിൽ വിവരങ്ങൾ ലഭിക്കും. പുറത്തുവിടുന്ന മാർക്ക് ലിസ്റ്റിൽ വിദ്യാർത്ഥികളുടെ റോൾ നമ്പർ ഉണ്ടാകില്ല.
ഓരോ സെൻററിലും പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് കിട്ടിയ മാർക്ക് എത്രയെന്ന പട്ടിക എൻടിഎ നൽകുന്നില്ലെന്ന് ഹർജികൾ വന്നതോടെയാണ് സുപ്രീംകോടതി മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ നിർദേശം നൽകിയത്. പുതിയ ലിസ്റ്റ് പ്രകാരം ഏതെങ്കിലും സെന്ററിൽ എന്തെങ്കിലും നടന്നോ എന്ന് പരിശോധിക്കാനാകും. ഓരോ സെൻററിലും ഉയർന്ന മാർക്ക് കിട്ടിയവർ എത്രയെന്നും അറിയാനുമാകും.
അതിനിടെ, നീറ്റ് പരീക്ഷാ ക്രമക്കേടിൽ ഒരാളെ കൂടി സിബിഐ അറസ്റ്റ് ചെയ്തു. റാഞ്ചി റിംസിലെ രണ്ടാം വർഷ വിദ്യാർത്ഥിനി സുരഭി കുമാറാണ് അറസ്റ്റിലായത്. അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
Discussion about this post