സിപിഐഎം നേതാവ് ജി സുധാകരനെ ബിജെപിയിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജി സുധാകരനെ സിപിഐഎം പുറത്താക്കുമെന്നാണ് വിവരമെന്നും തെറ്റ് തിരുത്തുന്നതിന് പകരം തെരെഞ്ഞെടുപ്പിൽ തിരിച്ചടി നൽകിയ ജനവിഭാഗത്തിന് മേൽ കൈയ്യുയർത്താനാണ് സിപിഐഎം ശ്രമിക്കുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു. ജി സുധാകരനെ അടുത്തയാഴ്ച സിപിഐഎം പുറത്താക്കും.
തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെയാണ് പാർട്ടി പുറത്താക്കുന്നതെങ്കിൽ അവരെ ബിജെപി ഇരുകൈയും നീട്ടി സ്വീകരിക്കും. പിണറായി വിജയന്റെ കുടുംബ വാഴ്ചയും അധികാര ദുർവിനിയോഗവുമാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പരാജയത്തിന് പിന്നിലെന്ന് അദ്ദേഹം തുറന്നടിച്ചു. കേരളത്തിൽ കുടുംബാധിപത്യ ഭരണമാണ് കാഴ്ച വയ്ക്കുന്നതെന്നും അത് ഇല്ലാതാക്കാൻ സിപിഐഎമ്മിന് കെൽപ്പുണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു.
ഭൂരിപക്ഷ സമുദായത്തെയും സാമൂഹിക സംഘടനകളെയും നേതാക്കന്മാരെയും ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മത പുരോഹിതരെ പേരെടുത്ത് വിമർശിക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. മറ്റുള്ളവരെ പഴി പറഞ്ഞ് അവരെ ഭയപ്പെടുത്തിയത് കൊണ്ട് കാര്യമില്ലെന്നും തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Discussion about this post