ഇത്തവണ ചരിത്രത്തിലാദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുന്നത് 400 ൽ താഴെ സീറ്റുകളിൽ. 328 സീറ്റുകളിലാണ് ഇത്തവണ കോൺഗ്രസ് മത്സരിക്കുന്നത്. 2019 ൽ മത്സരിച്ചതിൽ 93 സീറ്റുകൾ ഇക്കുറി കോൺഗ്രസ് മത്സരിക്കുന്നില്ല. 2019 ൽ മത്സരിച്ചിരുന്ന 101 സീറ്റുകൾ ഇത്തവണ കോൺഗ്രസ് ഇന്ത്യ സഖ്യത്തിലെ പാർട്ടികൾക്കായി കൈമാറി. ഇതാണ് കോൺഗ്രസിന് സീറ്റ് കുറയാൻ കാരണമായത്. ഇതിന് പുറമെ സൂറത്ത് അടക്കമുള്ള മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ ഇല്ലാതായതും സീറ്റ് കുറയാൻ കാരണമായി.
കർണാടകത്തിലും ഒഡിഷയിലുമാണ് കോൺഗ്രസ് അധികം സീറ്റുകളിൽ മത്സരിക്കുന്നത്. മിസോറാമിൽ 2019 ൽ സ്വതന്ത്രനെ പിന്തുണച്ച സ്ഥാനത്ത് ഇക്കുറി പാർട്ടി മത്സരിക്കുന്നുണ്ട്. കർണാടകത്തിലെ 28 സീറ്റിലും ഒഡിഷയിൽ 20 സീറ്റുകളിലും കോൺഗ്രസ് മത്സരിക്കുന്നുണ്ട്.
കോൺഗ്രസ് 2019 ലെ തെരഞ്ഞെടുപ്പിലാണ് ഇതിന് മുൻപ് ഏറ്റവും കുറവ് സീറ്റുകളിൽ മത്സരിച്ചത്. 417 സീറ്റിൽ ആയിരുന്നു അന്ന് മത്സരിച്ചത്. 2009 ൽ 440 സീറ്റിലും 2014ൽ 464 സീറ്റിലും 2019 ൽ 421 സീറ്റിലും പാർട്ടിക്ക് സ്ഥാനാർത്ഥികളുണ്ടായിരുന്നു. രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ 2019 ൽ മത്സരിച്ചതിനേക്കാൾ കുറച്ച് സീറ്റാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഇതിൽ ഏറ്റവും കുറവ് ഉത്തർപ്രദേശിലാണ്. 2019 ൽ സംസ്ഥാനത്ത് കോൺഗ്രസ് മുഖ്യ സഖ്യകക്ഷികൾ ഉണ്ടായിരുന്നില്ല. അതേസമയം സമാജ്വാദി പാർട്ടിയും ബിഎസ്പിയും സഖ്യമായും ബിജെപി ഒറ്റയ്ക്കും മത്സരിച്ചു. സംസ്ഥാനത്ത് ആകെയുള്ള 80 ൽ 67 സീറ്റിലും മത്സരിച്ച കോൺഗ്രസിന് റായ്ബറേലിയിലെ സോണിയ ഗാന്ധിയുടെ മാത്രം വിജയം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു.
Discussion about this post