തിരുവനന്തപുരം: വേനൽക്കാലത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ലോഡ്‌ഷെഡിങ് ഏർപ്പെടുത്തില്ല. വൈദ്യുതി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വേനൽക്കാലത്ത് വൈദ്യുത ഉപഭോഗം കുത്തനെ ഉയർന്നത് കെ.എസ്.ഇ.ബിയെ പ്രതിസന്ധിയിലാക്കിയിരുന്നു. പീക്ക് ടൈമിൽ ഉപഭോഗം കുത്തനെ ഉയർന്നത് ഗ്രിഡുകളെ സമ്മർദ്ദത്തിലാക്കിയിരുന്നു. നിരവധി ട്രാൻസ്‌ഫോർമറുകൾ അടക്കം തകരാറിലായി. ഇതിന് പിന്നാലെ പ്രധാനപ്പെട്ട അണക്കെട്ടുകളിലെ ജലനിരപ്പ് കുത്തനെ താഴ്ന്നതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
എന്നാൽ വൈദ്യുതി പ്രതിസന്ധിയ്ക്ക് പരിഹാരമായി ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടതില്ല എന്നാണ് വൈദ്യുതി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ എടുത്ത തീരുമാനം. പകരം ക്രമീകരണത്തിന് ബോർഡിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ലോഡ് ഷെഡിങ്ങിന് പകരം വൈദ്യുതി ഉപഭോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. പതിനഞ്ച് ദിവസം നിയന്ത്രണം വേണ്ടി വരുമെന്നാണ് ബോർഡിന്റെ നിലപാട്.
ലോഡ്‌ഷെഡിങ്ങിന് പകരം ക്രമീകരണം എന്താവണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കെ.എസ്.ഇ.ബി. യോഗം ചേരും. ഇതിലെ തീരുമാനം സർക്കാരിനെ അറിയിക്കും. വിഷയത്തിൽ വൈദ്യുതി മന്ത്രി ഇന്ന് മുഖ്യമന്ത്രിയെ കാണും.
Discussion about this post