കോൺഗ്രസിൽ വീണ്ടും രാജി. മുൻ എംഎൽഎമാരായ നീരജ് ബസോയ, നസീബ് സിംഗ് എന്നിവരാണ് കോൺഗ്രസിൽ നിന്ന് അംഗത്വം രാജിവെച്ചത്. എഎപിയുമായുള്ള സഖ്യത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിശദീകരണം. കഴിഞ്ഞ ദിവസം പാർട്ടി അധ്യക്ഷ പദവി ഒഴിഞ്ഞ അർവിന്ദർ സിംഗ് ലൗലിയുടെ അടുത്ത അനുയായികളാണ് രാജി വച്ച രണ്ട് പേരും. ലൗലിയോട് പാർട്ടി കാണിച്ച അനീതിയിൽ പ്രതിഷേധിച്ചാണ് രാജി എന്നും അഭ്യൂഹങ്ങളുണ്ട്.
ഇരുവർക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നിരീക്ഷക ചുമതലയുണ്ടായിരുന്നു. നസീബ് സിംഗിന് നോർത്ത് വെസ്റ്റ് ഡൽഹിയുടെയും നീരജ് ബസോയ്ക്ക് വെസ്റ്റ് ഡൽഹി മണ്ഡലത്തിന്റെയും ചുമതലയാണ് ഉണ്ടായിരുന്നത്.
നേതാക്കളുടെ അതൃപ്തി തിരഞ്ഞെടുപ്പിലേക്ക് പോകുന്ന ഡൽഹിയിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കനയ്യ കുമാർ, ഉദിത് രാജ് തുടങ്ങിയ സ്ഥാനാർത്ഥികൾക്ക് എതിരെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം തുടരുകയാണ്. എത്രയും വേഗം ഹൈക്കമാൻഡ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കണം എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. എഎപിയുമായി സഖ്യം ഉണ്ടാക്കിയതിൽ നേതാക്കൾ നിരന്തരം വിമർശനം ഉന്നയിക്കുന്നത് ഇൻഡ്യ സഖ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതേസമയം നേതാക്കളുടെ രാജി കോൺഗ്രസിന്റെ ആഭ്യന്തര വിഷയം എന്ന നിലപാടാണ് ആം ആദ്മി പാർട്ടി സ്വീകരിച്ചിരിക്കുന്നത്.
Two leaders resigned from Congress.
Discussion about this post