തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം നാളെ വിധിയെഴുതും. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടക്കുന്നത്. അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാൻ കരുനീക്കങ്ങളിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. വോട്ടർമാർക്ക് ആലോചിച്ച് തീരുമാനമെടുക്കാനുള്ള ദിവസവും കൂടിയാണ് ഇന്ന്. അടിയൊഴുക്കുകൾക്ക് തടയിടാനുള്ള അവസാന നീക്കമാണ് മുന്നണികൾ നടത്തുക. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താൻ 2.77 കോടി വോട്ടർമാരാണുള്ളത്.
തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. നാളെ രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഇന്ന് കൂടി പോസ്റ്റൽ വോട്ട് ചെയ്യാനാവും. ഇതിനായുള്ള വോട്ടിംഗ് കേന്ദ്രങ്ങൾ ഇന്നുകൂടി പ്രവർത്തിക്കും. ജൂൺ നാലിനാണു വോട്ടെണ്ണൽ.
Discussion about this post