കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് സൊലൂഷൻസും സിഎംആർഎലും തമ്മിലുള്ള ദുരൂഹ പണമിടപാടുകളുമായി ബന്ധപ്പെട്ട് സിഎംആർഎൽ. മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്തയുടെ വീട്ടിലെത്തി എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സംഘം മൊഴിയെടുത്തു. കർത്തയോട് ചൊവ്വാഴ്ച ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു. തുടർന്നാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി മൊഴിയെടുത്തത്.
സിഎംആർഎലിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ മൊഴിയായി ശേഖരിക്കുകയാണ് ഇഡിയുടെ ലക്ഷ്യം. കമ്പനിയെ സംബന്ധിച്ച് പുറത്തുവരാത്ത രഹസ്യവിവരങ്ങളോ അക്കൗണ്ടുകളോ ഉണ്ടെങ്കിൽ അത് അറിയുകകൂടി ലക്ഷ്യമിടുന്നുണ്ട്.
കഴിഞ്ഞ ദിവസം മൊഴിയെടുപ്പിനായി സിഎംആർഎല്ലിലെ ഒരു വനിതയുൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ 24 മണിക്കൂർ ചിലവഴിക്കേണ്ടി വന്നിരുന്നു. ഒരു പകലും രാത്രിയും നീണ്ട മൊഴിയെടുപ്പിനൊടുവിൽ ഇവരെ വിട്ടയച്ചത് ചൊവ്വാഴ്ച രാവിലെ 11.30-ഓടെയാണ്. തിങ്കളാഴ്ച രാവിലെ 11-ഓടെ ഹാജരായ സിഎംആർഎൽ. ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ.എസ്. സുരേഷ് കുമാർ, സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ, സീനിയർ ഓഫീസർ അഞ്ജു റേച്ചൽ കുരുവിള എന്നിവരിൽ നിന്നാണ് ചൊവ്വാഴ്ച രാവിലെവരെ മൊഴിയെടുത്തത്.
Discussion about this post