കോട്ടയം: കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ അപരന്മാരുടെ പത്രിക ജില്ലാ കളക്ടർ തള്ളി. തെരഞ്ഞെടുപ്പ് പത്രികയിൽ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമാണെന്ന കണ്ടെത്തിയതോടെയാണ് നടപടി. സിപിഎം സ്ഥാനാർഥികൾ നൽകിയ പത്രികയിൽ ഒപ്പിട്ടവരെ നേരിട്ട് ഹാജരാക്കാൻ കലക്ടർ നിർദേശം നൽകിയിരുന്നു.
ഫ്രാൻസിസ് ഇ. ജോർജിനായി പത്രികയിൽ ഒപ്പിട്ടിരിക്കുന്നത് കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ ഒരു ബൂത്തിലെ പത്ത് വോട്ടർമാരാണെന്നും ഈ വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടിക നോക്കി പകർത്തിയതാണെന്നും ഒപ്പുകൾ വ്യാജമെന്നും യുഡിഎഫ് ആരോപിച്ചു. കൂവപ്പള്ളിക്കാരൻ ഫ്രാൻസിസ് ജോർജിന്റെ പത്രികയിലെ ഒപ്പുകളിലും യു.ഡി.എഫ് നേരത്തെ സംശയം ഉന്നയിച്ചു.
‘ഫ്രാൻസിസ് ജോർജു’മാരുടെ പിന്നിൽ എൽ.ഡി.എഫാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോജ് ആരോപിച്ചു. സിപിഎം പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോർജും കേരളാ കോൺഗ്രസ് മാണി വിഭാഗം ജില്ലാ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോർജുമാണ് പത്രിക സമർപ്പിച്ചത്. യു.ഡി.എഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് മത്സരിക്കുന്ന ഫ്രാൻസിസ് ജോർജിന്റെ വോട്ടുകൾ ചോർത്താൻ ലക്ഷ്യമിട്ടാണ് ഇവർ പത്രിക നൽകിയത്. ജനാധിപത്യം അട്ടിമറിക്കാനാണ് ഇടതുമുന്നണിയുടെ ശ്രമമെന്നും എൽഡിഎഫിന് പരാജയ ഭീതിയെന്നും യുഡിഎഫ് സ്ഥാനാർഥി പറഞ്ഞു.
Discussion about this post