ഡൽഹി: ഉത്തരാഖണ്ഡിൽ നിർമാണത്തിനിടെ തകർന്നുവീണ സിൽക്യാര തുരങ്കം നിർമിച്ച നവയുഗ എൻജിനിയറിങ് കമ്പനി ലിമിറ്റഡ് ബി.ജെ.പിക്ക് ഇലക്ടറൽ ബോണ്ട് വഴി 55 കോടി സംഭാവനയായി നൽകി. 2019 ഏപ്രിലിനും 2022 ഒക്‌ടോബറിനും ഇടയിലാണ് ഒരു കോടി വിലവരുന്ന 55 ഇലക്ടറൽ ബോണ്ടുകൾ ഹൈദരാബാദ് ആസ്ഥാനമായുള്ള എൻ.ഇ.സി കൈപ്പറ്റിയത്. 2018 ഒക്‌ടോബർ 26ന് 20 അംഗ ഇൻകം ടാക്‌സ് സംഘം നവയുഗ ഓഫിസ് റെയ്ഡ് നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കുറ്റവും ഇൻകം ടാക്‌സ് നിയമലംഘനവും ആരോപിച്ചായിരുന്നു അടിയന്തര നടപടി. ഇത് കഴിഞ്ഞ് ആറ് മാസത്തിന് ശേഷമാണ് കമ്പനി ബി.ജെ.പിയുടെ ഇലക്ടറൽ ബോണ്ട് വാങ്ങിയത്.
നവയുഗ ഗ്രൂപ്പിൻറെ പ്രധാന കമ്പനിയാണ് നവയുഗ എൻജിനിയറിങ്. രാജ്യത്ത് നദിക്ക് മുകളിലുള്ള ഏറ്റവും വലിയ പാലമായ ധോല സാദിയ ബ്രിഡ്ജ് തങ്ങൾ നിർമിച്ചതായാണ് കമ്പനി പറയുന്നത്. ബ്രഹ്മപുത്രക്ക് കുറുകെയുള്ള 9.15 കിലോമീറ്ററാണ് പാലത്തിന്റെ നീളം.
2023 നവംബർ 12ന് നിർമാണത്തിലിരിക്കെ തുരങ്കം തകർന്ന് 41 തൊഴിലാളികളാണ് കുടുങ്ങിയിരുന്നത്. തുടർന്ന് റാറ്റ് മൈനേഴ്‌സ് രംഗത്തിറങ്ങി നവംബർ 28നാണ് തൊഴിലാളികളെ രക്ഷിച്ചത്. സിൽക്യാര ടണൽ പ്രൊജക്ടിന് സാമ്പത്തിക കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റി 2018ലാണ് അംഗീകാരം നൽകിയത്. 2022ന് പൂർത്തിയാക്കണമെന്നായിരുന്നു കരാർ. എന്നാൽ പിന്നീട് തിയതി നീട്ടി നൽകി.
പേരുവെളിപ്പെടുത്താതെ വ്യക്തികൾക്കും കമ്പനികൾക്കും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള സംവിധാനമായ ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 15നാണ് സുപ്രീംകോടതി റദ്ദാക്കിയത്. കഴിഞ്ഞ അഞ്ച് വർഷമായി ബോണ്ട് വഴി നൽകിയ സംഭാവനകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും പങ്കിടാൻ എസ്.ബി.ഐയോട് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് കൈമാറിയ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ മാർച്ച് 14ന് തെരഞ്ഞെടുപ്പു കമീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. സീരിയൽ നമ്പർ ഉൾപ്പെടെ പൂർണവിവരങ്ങൾ മാർച്ച് 21നാണ് എസ്.ബി.ഐ കൈമാറിയതും കമീഷൻ പ്രസിദ്ധീകരിച്ചതും.
Discussion about this post