ഡൽഹി: മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണെന്ന് ഇ.ഡി. കോടതിയിൽ. അദ്ദേഹത്തിനെതിരെ കോൾ റെക്കോഡിങ് ഉൾപ്പെടെ കൃത്യമായ തെളിവുകളുണ്ടെന്നും ഇ.ഡി. കോടതിയിൽ അറിയിച്ചു. ഡൽഹി റോസ് അവന്യൂ കോടതിയിൽ നിലവിൽ കേസുമായി ബന്ധപ്പെട്ട വാദം തുടരുകയാണ്.
മദ്യനയം രൂപവത്കരിക്കുന്നതിൽ കെജ്‌രിവാളിന് നേരിട്ട് പങ്കുണ്ട്. അനുകൂലമായ നയരൂപവത്കരണത്തിന് പ്രതിഫലമായി കെജ്‌രിവാൾ സൗത്ത് ഗ്രൂപ്പിൽ നിന്നും പണം ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപ കൈപ്പറ്റിയതിന് പിന്നാലെയാണ് നയം രൂപവത്കരിച്ചത്. പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായി 100 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. സൗത്ത് ഗ്രൂപ്പിൽ നിന്നും ലഭിച്ച 45 കോടി രൂപ ഗോവ തിരഞ്ഞെടുപ്പ് കാലത്ത് ആം ആദ്മി പാർട്ടി ഉപയോഗിച്ചു – ഇ.ഡി. വാദിച്ചു.
നയം രൂപവത്കരിക്കുന്നതിനായി ഡൽഹി എക്സൈസ് ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ, ഇത് വെറുമൊരു കടലാസ് സമിതിയായി ചുരുങ്ങി. കൂടുതൽ പണം നൽകിയവർക്ക് ലൈസൻസ് അനുവദിച്ചു എന്നും കോടതിയിൽ ഇ.ഡി ആരോപിച്ചു. പത്ത് ദിവസത്തെ കസ്റ്റഡിയാണ് ഇ.ഡി. കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കോടതിയിൽ വാദം പുരോഗമിക്കുന്നതിനിടെ കെജ്‌രിവാളിന് രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് വിശ്രമമുറിയിലേക്ക് മാറ്റിയിരുന്നു.
Discussion about this post