കണ്ണൂർ: തിരുവനന്തപുരത്ത് നടന്ന കേരള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തിൽ മകനെ കുടുക്കിയതാണെന്ന് ജീവനൊടുക്കിയ വിധികർത്താവ് ഷാജിയുടെ അമ്മ ലളിത. പണം വാങ്ങിയിട്ടില്ലെന്നും ആരോ തന്നെ കുടുക്കിയതാണെന്നും ഷാജി കരഞ്ഞുപറഞ്ഞതായി അമ്മ പറഞ്ഞു. മൂന്ന് ദിവസവും ഇത് തന്നെയാണ് ആവർത്തിച്ചതെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
ഷാജിയുടെ മുഖത്ത് പാടുകളുണ്ടായിരുന്നു. മർദനമേറ്റതായി അറിയില്ലെന്നും അമ്മ പറഞ്ഞു. ഷാജിയെ കുടുക്കിയത് അടുത്ത സുഹൃത്തുക്കളാണെന്നാണ് സഹോദരന്റെ ആരോപണം. എന്നാൽ പേരുകളൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും സഹോദരൻ പറഞ്ഞു.
വിവാദങ്ങളിൽ ദുരൂഹതയുണ്ട്. ആരോപണം ഷാജിയെ മാനസികമായി തകർത്തിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്ന് ഷാജി പറഞ്ഞിരുന്നുവെന്നും സഹോദരൻ വ്യക്തമാക്കി.
അതേസമയം, ഷാജിയുടെ പോസ്റ്റുമോർട്ടം വ്യാഴാഴ്ച നടക്കും. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഉച്ചയോടെയാകും പോസ്റ്റ്‌മോർട്ടം. കേരള സർവകലാശാല കലോത്സവത്തിൽ കോഴ വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണം നേരിട്ട ഷാജിയെ ബുധനാഴ്ചയാണ് കണ്ണൂർ ചൊവ്വയിലെ വീട്ടിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരപരാധിയാണെന്നും കോഴ വാങ്ങിയിട്ടില്ലെന്നും രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പിന്നിൽ കളിച്ചവരെ ദൈവം രക്ഷിക്കട്ടെയെന്നും കുറിപ്പിൽ പരാമർശമുണ്ട്.
Discussion about this post