കേരളരാഷ്ട്രീയത്തിലെ അതികായനും കോൺഗ്രസിന്റെ സമുന്നത നേതാവുമായ കെ. കരുണാകരന്റെ മകളെ സ്വന്തം പാളയത്തിലെത്തിയ ബിജെപിയുടെ തന്ത്രത്തിന് മറുതന്ത്രമൊരുക്കി കോൺഗ്രസ്. സ്ഥാനാർത്ഥി പട്ടികയിൽ ട്വിസ്റ്റോട് ട്വിസ്റ്റ്. തൃശ്ശൂരിലെ സിറ്റിങ് എംപിയായ ടി.എൻ പ്രതാപനെ വെട്ടി കെ.മുരളീധരനെ സ്ഥാനാർത്ഥിയാക്കി. വടകര വിട്ട് തൃശ്ശൂരിൽ മത്സരിക്കാൻ മുരളീധരന് നൂറുശതമാനം ആത്മവിശ്വാസം. വടകര എംപിയായിരുന്ന മുരളീധരൻ തൃശ്ശൂരിലേക്ക് മാറുമെന്ന് ഉറപ്പിച്ചതോടെ, പാർട്ടി പ്രഖ്യാപനത്തിന് മുൻപ് തന്നെ പ്രതാപൻ മുരളീധരന് വേണ്ടി പ്രചാരണത്തിനിറങ്ങിയതും കൌതുത കാഴ്ചയായി. ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന പാർട്ടി തീരുമാനം ഇരുകൈയോടെയും സ്വീകരിക്കുമെന്ന് പ്രതാപൻ വ്യക്തമാക്കിയതോടെ എന്തൊരു ഒത്തൊരുമയെന്ന് ജനങ്ങൾ.
പ്രതാപൻ വീണ്ടും മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. പ്രതാപൻ തൃശ്ശൂരിൽ പ്രചാരണത്തിനിറങ്ങുകയും ചെയ്തിരുന്നു. 150 ഓളം സ്ഥലങ്ങളിൽ പ്രതാപന് വേണ്ടി ചുവരെഴുത്തുകൾ നടത്തുകയും ആയിരക്കണക്കിന് പോസ്റ്ററുകൾ ഇറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് സെൻട്രൽ തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നാടകീയ തീരുമാനം ഉണ്ടായത്. പ്രതാപന് വേണ്ടിയുള്ള ചുവരെഴുത്തുകൾ മായ്ക്കാൻ തൃശ്ശൂർ ഡിസിസി പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വടകരയിൽ മുരളീധരന് പകരമായി ഷാഫി പറമ്പിൽ എംഎൽഎ മത്സരിക്കും. ആലപ്പുഴയിൽ കെ.സി വേണുഗോപാലിനെ കളത്തിലിറക്കാനും തീരുമാനമായി. ഇതിനിടെ , പത്മജ വേണുഗോപാലിന്റെ ബിജെപിയിലെത്തിച്ചതിന് പിന്നിൽ പിണറായി വിജയന്റെ കറുത്ത കരങ്ങളുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറയുന്നത്. പത്മജ തനിക്ക് മൂത്ത സഹോദരി ആയിരുന്നുവെന്നും കരുണാകരന്റെ മകളെന്ന നിലയിൽ ന്യായമല്ലാത്ത കാര്യങ്ങൾ വരെ പത്മജയ്ക്ക് ചെയ്തു കൊടുത്തുവെന്നും വി ഡി സതീശൻ പറഞ്ഞു. പത്മജയെ ബിജെപിയിലേക്ക് എത്തിച്ചത് കേരളത്തിൽ ഇപ്പോഴും പദവിയിലിരിക്കുന്ന റിട്ടയേഡ് ആയ ഐപിഎസ് ഉദ്യോഗസ്ഥനാണ്. പിണറായിക്ക് വേണ്ടിയാണ് അത് ചെയ്തത്. ലോക്നാഥ് ബെഹ്റയെയാണോ ഉദ്ദേശിച്ചത് എന്ന ചോദ്യത്തിന് അത് നിങ്ങൾ അന്വേഷിച്ചുകണ്ടെത്താനായിരുന്നു മാധ്യമ പ്രവർത്തകരോടുള്ള സതീശൻ്റെ മറുപടി.
Discussion about this post