തൃശൂരില്‍ കെ മുരളീധരന് വേണ്ടി ചുവരെഴുതി സിറ്റിങ് എം പി ടി എന്‍ പ്രതാപന്‍. കോണ്‍ഗ്രസ് സ്ഥാനാർത്ഥിപട്ടിക പുറത്ത് വരുന്നതിന് മുൻപ് തന്നെ വടകര എം പിയായിരുന്ന മുരളീധരന്‍ തൃശൂരിലേക്ക് മാറുമെന്ന് ഉറപ്പിച്ചതോടെയാണ് പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്‍പ് തന്നെ പ്രതാപന്‍ മുരളീധരന് വേണ്ടി പ്രചാരണത്തിനിറങ്ങിയത്. ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന പാര്‍ട്ടി തീരുമാനം ഇരുകൈയോടെയും സ്വീകരിക്കുമെന്ന് പ്രതാപന്‍ വ്യക്തമാക്കുകയും ചെയ്തു.
തൃശൂരിലെ സിറ്റിങ് എംപിയായ പ്രതാപന്‍ വീണ്ടും മത്സരിക്കുമെന്നായിരുന്നു മുന്നേ വന്ന റിപ്പോര്‍ട്ടുകള്‍. പ്രതാപന്‍ സ്ഥാനാർത്ഥിയായി പ്രചാരണത്തിനിറങ്ങുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂർ മണ്ഡലത്തിൽ മൂന്നൂറോളം കിലോമീറ്റർ ദൂരം പദയാത്രയും പ്രതാപൻ നടത്തിയിരുന്നു. 150 ഓളം സ്ഥലങ്ങളില്‍ പ്രതാപന് വേണ്ടി ചുവരെഴുത്തുകള്‍ നടത്തുകയും മൂന്നരലക്ഷത്തോളം പോസ്റ്ററുകള്‍ ഇറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് സെന്‍ട്രല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നാടകീയ തീരുമാനം ഉണ്ടായിരിക്കുന്നത്. പ്രതാപന് വേണ്ടിയുള്ള ചുവരെഴുത്തുകള്‍ മായ്ക്കാന്‍ തൃശ്ശൂര്‍ ഡിസിസി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
സ്ഥാനാർത്ഥി നിര്‍ണയത്തിന് മുന്‍പായി കോണ്‍ഗ്രസ് നേതൃത്വം തന്നോട് ആശയവിനിമയം നടത്തിയിരുന്നതായി പ്രതാപന്‍ പറഞ്ഞു. പ്രതാപനെ അടുത്ത നിയമസഭയിലേക്ക് പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയതായാണ് വിവരം.
കോണ്‍ഗ്രസ് നേതാവും കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് തൃശൂരിലെ സ്ഥാനാര്‍ത്ഥി മാറ്റം. ലീഡറുടെ തട്ടകമായിരുന്ന തൃശൂരില്‍ മകളിലൂടെ നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്ക് കെ മുരളീധരനിലൂടെ മറുപടി നല്‍കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. എന്‍റെ ജീവന്‍ എന്‍റെ പാര്‍ട്ടിയാണെന്നും കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നേതാവാണ് കെ മുരളീധരനെന്നും തൃശ്ശൂരില്‍ ആര് മത്സരിച്ചാലും ഒപ്പമുണ്ടാകുമെന്നും പ്രതാപന്‍ വ്യക്തമാക്കി.
K Muraleedharan to contest in Thrissur.
Discussion about this post