കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് ഗവൺമെന്റ് സമർപ്പിച്ച ഹർജിയിൽ കേരളത്തിന് ആശ്വാസം. കേരളത്തിന് കടമെടുക്കാൻ അനുമതി നൽകിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഉടൻ ഉണ്ടാകും. 13,608 കോടി രൂപ കടമെടുക്കാൻ കേരളത്തിനു അനുമതി നൽകിക്കൊണ്ട് ഉത്തരവിടുമെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. 15,000 കോടി രൂപ കൂടി വേണ്ടി വരുമെന്നും കേരളം ആവശ്യപ്പെട്ടു.
കേരളം ക്രച്ചസിലാണ്. ഇത്തവണ സഹായിക്കാം. പക്ഷേ എന്നും സഹായം ഉണ്ടാകില്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. എന്നാൽ കേന്ദ്ര സർക്കാരിന്റെ വാദത്തെ കേരളം എതിർത്തു. കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കേരളം ക്രച്ചസിൽ അല്ലെന്നും നിയമപരമായ അവകാശമാണ് ചോദിക്കുന്നതെന്നും സൗജന്യങ്ങൾ അല്ല ചോദിക്കുന്നത് എന്നും വ്യക്തമാക്കി. കേരളത്തിന് സാമ്പത്തിക സഹായം നേടേണ്ട അടിയന്തിര സാഹചര്യം ഉണ്ടെന്ന് സുപ്രീം കോടതിയും പരാമർശിച്ചു.
ജസ്റ്റിസ്മാരായ സൂര്യ കാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേരളത്തിന്റെ ഹർജി പരിഗണിച്ചത്. അടിയന്തിരമായി 26000 കോടി കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകണം എന്നായിരുന്നു കേരളം ആവശ്യമായി ഉന്നയിച്ചിരുന്നത്. ഹർജി പിൻവലിച്ചാൽ അടിയന്തിരമായി 13000 കോടി അനുവദിക്കാമെന്ന കേന്ദ്ര നിർദേശം കേരളം തള്ളിയിരുന്നു. ഹർജി നേരത്തെ പരിഗണിച്ചപ്പോൾ സുപ്രീം കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരും കേരള സർക്കാരും ചർച്ചകൾ നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായിരുന്നില്ല.
Supreme Court allows Kerala to borrow Rs 13,608 crore.
Discussion about this post