ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ ഇല്ല. ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികളുടെയും ഏഴാം പ്രതിയുടെയും ജീവപര്യന്തം ഇരട്ട ജീവപര്യന്തമായി ഹൈക്കോടതി ഉയർത്തി. ഇവർക്ക് 20 വർഷത്തേയ്ക്ക് ശിക്ഷാ ഇളവോ പരോളോ ഉണ്ടാകില്ല. ഹൈക്കോടതിയുടെ ഈ വിധി പ്രകാരം 2044 വരെ ഇവർക്ക് ജയിലിന് പുറത്തിങ്ങാൻ കഴിയില്ല. ഹൈക്കോടതി പുതിയതായി പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയ കെകെ കൃഷ്ണൻ, ജ്യോതി ബാബു എന്നിവർക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു.
കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരൻറെ ഭാര്യ കെ കെ രമയ്ക്ക് ഏഴരലക്ഷം രൂപയും മകൻ അഭിനന്ദിന് അഞ്ച് ലക്ഷം രൂപയും പ്രതികൾ പിഴയായി നൽകണം എന്നും കോടതി ഉത്തരവിട്ടു. ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികളുടെയും 11 -ാം പ്രതിയുടെയും ശിക്ഷ വധശിക്ഷയായി ഉയർത്തണമെന്നായിരുന്നു ആവശ്യം. ശിക്ഷാവിധി ഉയർത്തുന്നത് സംബന്ധിച്ച് ഇന്നലെയും ഇന്നും ഹൈക്കോടതിയിൽ വാദം നടന്നിരുന്നു.
ജീവപര്യന്തം തടവുശിക്ഷ പ്രതികൾക്ക് അപര്യാപ്തമാണെന്നും നീതി ലഭിക്കാൻ വധശിക്ഷയാണ് ഉചിതമെന്നും പ്രോസിക്യൂഷൻ വാദിച്ചു. മറ്റ് കേസുകളിൽ നിന്ന് വ്യത്യസ്തമാണ്. സാധാരണ കൊലപാതക കേസല്ല ടിപിയുടേത്. ആര് കൊന്നു, എന്തിന് കൊന്നു എന്നതാണ് പ്രധാനം. വർഷങ്ങൾ നീണ്ട ഗൂഢാലോചനയ്ക്ക് ശേഷമാണ് കൊലപാതകം നടത്തിയത്. ആശയം മാറിയതിനുള്ള കൊലപാതകമാണെന്നും ഇതിന് ന്യായീകരണമില്ലെന്നും പ്രോസിക്യൂഷൻ ഭാഗം വാദിച്ചു.
ശിക്ഷ ഉയർത്താനുള്ള സാഹചര്യം എന്തെന്ന് വിശദീകരിക്കാൻ പ്രോസിക്യൂട്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടു. തെളിവുകൾ പൂർണ്ണമായും ഉൾക്കൊള്ളുന്ന വിധിയല്ല വിചാരണ കോടതിയിൽ നിന്ന് ഉണ്ടായതെന്നും എല്ലാ തെളിവുകളും പരിഗണിച്ച് വധശിക്ഷ നൽകണമെന്നും കെ കെ രമയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ പ്രോസിക്യൂട്ടർ നടത്തിയത് രാഷ്ട്രീയ പ്രസംഗം ആണെന്നും ശിക്ഷ ഉയർത്തുന്നതിൽ മതിയായ കാരണമില്ലെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകരുടെ വാദം. ഇത് ആദ്യ രാഷ്ട്രീയ കൊലപാതകം അല്ലെന്നും പ്രതിഭാഗം വാദിച്ചു.
അതേസമയം രാഷ്ട്രീയ കൊലപാതകം നിസാരമായി കാണാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും നേരെയുള്ള വെല്ലുവിളിയാണ് രാഷ്ട്രീയ കൊലപാതകം. എന്തുകൊണ്ട് വധശിക്ഷ നൽകിക്കൂടെന്നു ചോദിച്ച ഹൈക്കോടതി പ്രതികൾ പരിവർത്തനത്തിന് തയ്യാറാണോയെന്നും ആരാഞ്ഞു.
TP murder case: No death penalty for accused; Six accused get double life sentence.
Discussion about this post