യൂണിഫോം സിവിൽ കോഡ് വന്നിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കെ റെയിൽ വരും കെട്ടോ എന്ന് പറയുന്നത് പോലെയാവില്ല അത്. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാൽ സിവിൽ കോഡ് നടപ്പാക്കുമെന്നും സുരേഷ് ഗോപി കണ്ണൂരിൽ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന ബിജെപി പദയാത്രക്കിടെയാണ് സുരേഷ് ഗോപിയുടെ പരാമർശം. കേരളത്തിലെ അധമ സർക്കാരിനെതിരായ ആരോപണങ്ങൾ പെറ്റ തള്ള സഹിക്കില്ല. അവരുടെ മേൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
ഏക സിവിൽ കോഡിനുവേണ്ടി നിലകൊള്ളുന്ന സർക്കാരാണ് രാജ്യത്തുള്ളതെന്നും മോദി ഭരണത്തിൽ പ്രീണനവും ജാതിയുമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ വാഗ്ദാനമായി ഏക സിവിൽ കോഡ് വരുമെങ്കിൽ, അത് നടപ്പിലാക്കിയെടുക്കുമെങ്കിൽ പിന്നെവിടെയാണ് ജാതിക്ക് സ്ഥാനം? നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത് അതല്ലേ? അത് സംഭവിച്ചിരിക്കും. ‘കെറെയിൽ വരും കേട്ടോ’ എന്ന് പറഞ്ഞത് പോലെയല്ല. അത് വന്നിരിക്കും. ഒരു പ്രത്യേക വിഭാഗത്തെ നശിപ്പിക്കാനുള്ള സംവിധാനമെന്ന് ആരും വിചാരിക്കേണ്ട. ഏറ്റവും കൂടുതൽ ഗുണം ചെയ്യാൻ പോകുന്നത് ആ വിഭാഗത്തിനുതന്നെയാണ്, സുരേഷ് ഗോപി പറഞ്ഞു.
സ്ത്രീകൾക്കും തുല്യത വേണം. സ്ത്രീ സമത്വത്തിന് വേണ്ടി 33.5 ശതമാനം എന്നുപറഞ്ഞ് ചുണ്ടനക്കിയതല്ലാതെ ഹൃദയം പ്രവർത്തിച്ചില്ല. അത് പ്രാവർത്തികമാക്കാൻ നരേന്ദ്ര മോദി വന്നിട്ടുണ്ടെങ്കിൽ സ്ത്രീ സമത്വം എന്നത് അടുത്ത പത്ത് വർഷത്തിനുള്ളിൽ വരും, സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Discussion about this post