ഇന്ത്യൻ മോഹങ്ങൾ പൊലിഞ്ഞപ്പോൾ ആറാം ലോകകിരീടത്തിൽ ഓസീസ് മുത്തമിട്ടു. ഒരിക്കൽ കൂടി ഇന്ത്യയുടെ കിരീട പ്രതീക്ഷകൾ ഫൈനലിൽ ചിറകറ്റു. ഒരു കളിയും തോൽക്കാതെ പത്തരമാറ്റ് ജയത്തോടെ മുന്നേറിയിട്ടും ഫൈനലിൽ വീണുപോയി. ആർത്തലയ്ക്കുന്ന കാണികളും 140 കോടി ജനങ്ങളുടെ പ്രാർഥനകൾക്കും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനായില്ല. ആറാം ലോകകപ്പുമായി കങ്കാരുക്കൾ മടങ്ങുമ്പോൾ ഓസീസിനെതിരെ രണ്ട് ഫൈനലിലും തോറ്റ നിരാശയിൽ ഇന്ത്യ. 2003 ഫൈനലിന് പിന്നാലെ ഇതാ 2023 ഫൈനലിലും ഇന്ത്യയ്ക്ക് കണ്ണീർ.
ഇന്ത്യ ഉയർത്തിയ 240 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്ട്രേലിയ 43 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് ഒരിക്കൽക്കൂടി ഇന്ത്യയുടെ വില്ലനായി മാറി. ഹെഡ് 137 റൺസെടുത്തപ്പോൾ ലബൂഷെയ്ൻ 58 റൺസ് നേടി പുറത്താവാതെ നിന്നു. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് പിന്നാലെ 2023 ലോകകപ്പിലും ഹെഡ് ഇന്ത്യയിൽ നിന്ന് വിജയം തട്ടിയെടുത്തു.
കപ്പ് ഉയർത്താനായില്ലെങ്കിലും ഇന്ത്യൻ ടീമിനെ ചേർത്തുവെക്കാം. അത്രയും സുന്ദരമായ കളി കാഴ്ചവെച്ചതിന്. ഓസീസ് അടക്കം ലോകകകപ്പ് കളിക്കാനെത്തിയ എല്ലാ ടീമിനേയും തോൽപിച്ച ഏക ടീമെന്ന നിലയിൽ രോഹിത്തും സംഘവും മടങ്ങുന്ന തലയുയർത്തി തന്നെ.
ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് ബുംറ ചെയ്ത ആദ്യ ഓവറിൽ തന്നെ 15 റൺസ് കിട്ടി. ഡേവിഡ് വാർണറും ട്രാവിസ് ഹെഡ്ഡുമാണ് ഓപ്പൺ ചെയ്തത്. എന്നാൽ രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ വാർണറെ മടക്കി ഷമി ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചു. ഏഴുറൺസെടുത്ത വാർണർ സ്ലിപ്പിൽ നിന്ന കോലിയുടെ കൈയ്യിലൊതുങ്ങി. പിന്നാലെ മിച്ചൽ മാർഷ് ക്രീസിലെത്തി. ആദ്യ നാലോവറിൽ ഓസീസ് 41 റൺസാണ് അടിച്ചെടുത്തത്.
എന്നാൽ അഞ്ചാം ഓവറിലെ മൂന്നാം പന്തിൽ മിച്ചൽ മാർഷിനെ മടക്കി ബുംറ വമ്പൻ തിരിച്ചുവരവ് നടത്തി. 15 പന്തിൽ 15 റൺസെടുത്ത മാർഷിനെ ബുംറ വിക്കറ്റ് കീപ്പർ രാഹുലിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ഓസീസ് 41 ന് രണ്ട് വിക്കറ്റ് എന്ന സ്കോറിലേക്ക് വീണു. പിന്നാലെ വന്ന സ്റ്റീവ് സ്മിത്തിനും പിടിച്ചുനിൽക്കാനായില്ല. വെറും നാല് റൺസ് മാത്രമെടുത്ത സ്മിത്തിനെ ബുംറ വിക്കറ്റിന് മുന്നിൽ കുടുക്കി. ഇതോടെ മത്സരത്തിൽ ഇന്ത്യ പിടിമുറുക്കി. സ്മിത്ത് പുറത്താകുമ്പോൾ ഓസീസ് സ്കോർ 47 റൺസിലാണെത്തിയത്.
സ്മിത്തിന് പകരം വന്ന മാർനസ് ലബൂഷെയ്നിനെ കൂട്ടുപിടിച്ച് ട്രാവിസ് ഹെഡ് ടീമിനെ നയിച്ചു. 8.5 ഓവറിൽ ടീം സ്കോർ 50 കടന്നു. ആദ്യ പത്തോവറിൽ ടീം 60 റൺസാണ് നേടിയത്. ലബൂഷെയ്ൻ പ്രതിരോധിച്ചപ്പോൾ മറുവശത്ത് ഹെഡ് അനായാസം ബാറ്റുവീശി. ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. 19.1 ഓവറിൽ ടീം സ്കോർ 100 കടന്നു. പിന്നാലെ ഹെഡ് അർധസെഞ്ചുറി നേടി. 58 പന്തുകളിൽ നിന്നാണ് താരം അർധശതകം കുറിച്ചത്. ഹെഡ്ഡും ലബൂഷെയ്നും അനായാസം ബാറ്റിങ് തുടർന്നതോടെ ഇന്ത്യൻ ക്യാമ്പിൽ നിരാശ പടർന്നു. ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും ഈ കൂട്ടുകെട്ട് പൊളിക്കാൻ രോഹിത്തിന് സാധിച്ചില്ല. പിന്നാലെ ലബൂഷെയ്നും ഹെഡ്ഡും സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി.
പിന്നീട് നിരാശയുടെ പടുകുഴിയിലേക്ക് നരേന്ദ്ര മോദി സ്റ്റേഡിയം വീണു. താരങ്ങളും ആരാധകരും ഒരുപോലെ സങ്കടത്തിൽ മുങ്ങിയപ്പോൾ മറുവശത്ത് ട്രാവിസ് ഹെഡ് പൊട്ടിത്തെറിച്ചു. ഇന്ത്യൻ ബൗളർമാരെ അവർക്ക് വേണ്ടി ആർത്തലയ്ക്കുന്ന കാണികൾക്ക് മുന്നിൽ ഹെഡ് നിലംപരിശാക്കി. വൈകാതെ താരം സെഞ്ചുറി നേടുകയും ചെയ്തു. ബാറ്റർമാർക്ക് നിലതെറ്റുമെന്ന് കരുതിയ അതേ പിച്ചിൽ ഹെഡ് വെറും 95 പന്തുകളിൽ നിന്ന് സെഞ്ചുറി നേടി. മൂകമായ സ്റ്റേഡിയത്തിൽ ഹെഡ് ബാറ്റുയർത്തി ഓസീസിന്റെ വീരനായകനായി. 36.3 ഓവറിൽ ഓസ്ട്രേലിയൻ സ്കോർ 200 കടന്നു. തകർപ്പൻ സിക്സിലൂടെ ഹെഡ് തന്നെയാണ് സ്കോർ 200 കടത്തിയത്. ഒരു ലോകകപ്പ് ഫൈനലിലെ ഏറ്റവും വലിയ രണ്ടാമത്തെ കൂട്ടുകെട്ട് എന്ന റെക്കോഡ് ഹെഡ്ഡും ലബൂഷെയ്നും ചേർന്ന് സ്വന്തമാക്കി. പിന്നാലെ ലബൂഷെയ്ൻ അർധസെഞ്ചുറി നേടി. 99 പന്തിൽ നിന്നാണ് താരം അർധശതകം കുറിച്ചത്.
വൈകാതെ ഓസീസിനായി ഹെഡ് ഉജ്ജ്വല വിജയം സമ്മാനിച്ചു. ഇന്ത്യൻ ബാറ്റർമാരെല്ലാം വിരണ്ട അതേ പിച്ചിൽ ഹെഡും ലബൂഷെയ്നും ബാറ്റിങ് വിരുന്നൊരുക്കി. ജയിക്കാൻ വെറും രണ്ട് റൺസ് വേണ്ടിയിരുന്ന സമയത്ത് ഹെഡ് പുറത്തായി. താരത്തെ മുഹമ്മദ് സിറാജ് പുറത്താക്കി. 120 പന്തിൽ 15 ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയോടെ 137 റൺസെടുത്ത് വിജയമുറപ്പിച്ച ശേഷമാണ് ഹെഡ് കളം വിട്ടത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റെടുത്തപ്പോൾ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറിൽ 240 റൺസിന് ഓൾ ഔട്ടായിരുന്നു. അർധസെഞ്ചുറി നേടിയ കെ.എൽ.രാഹുലും വിരാട് കോലിയും 47 റൺസെടുത്ത രോഹിത് ശർമയുമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. ഓസീസ് ബൗളർമാർ കണിശതയോടെ പന്തെറിഞ്ഞതോടെ റൺസ് കണ്ടത്താൻ ഇന്ത്യൻ ബാറ്റർമാർ നന്നായി ബുദ്ധിമുട്ടി. ഇതാദ്യമായാണ് ഇന്ത്യ ഈ ലോകകപ്പിൽ ഓൾ ഔട്ടാകുന്നത്. 13 ഫോറും മൂന്ന് സിക്സും മാത്രമാണ് ഇന്ത്യയുടെ ഇന്നിങ്സിലുള്ളത്. ഫസ്റ്റ് ബാറ്റിങ്ങിൽ ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ ടോട്ടൽ കൂടിയാണിത്.
Discussion about this post