ഏകദിന സെഞ്ച്വറിയിലും ഇനി ഒരേയൊരു ‘രാജാവ്’ മാത്രം. ഇതിഹാസ താരം സചിൻ ടെണ്ടുൽക്കറെ മറികടന്ന് സൂപ്പർ താരം വിരാട് കോഹ്ലിയാണ് ഈ ചരിത്ര നേട്ടം കുറിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരെ 49ാം സെഞ്ച്വറി നേടി സചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡിനൊപ്പമെത്തിയ കോഹ്ലി ന്യൂസിലാൻഡിനെതിരായ സെമിഫൈനലിൽ 50 ശതകം തികക്കുന്ന ആദ്യ താരമാവുകയായിരുന്നു. 106 പന്തിലാണ് കോഹ്ലി 100 തികച്ചത്.
49 സെഞ്ച്വറികളിൽ സച്ചിന്റെ ഏകദിന ക്രിക്കറ്റിലെ സെഞ്ച്വറിയാത്ര അവസാനിച്ച് 11 വർഷത്തിന് ശേഷം സച്ചിനെ ആരാധിച്ച് ബാറ്റെടുത്ത കോഹ്ലി അതേ സച്ചിനെ പിന്തള്ളി ഏകദിന കരിയറിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരമായി മാറിയത്. 50 ഓവർ ക്രിക്കറ്റിൽ 50 സെഞ്ച്വറികൾ. ഒരുപക്ഷേ ഇനി ഒരിക്കലും ഒരാളും തിരുത്താൻ സാധ്യതയില്ലാത്ത റെക്കോഡുകളുടെ ഗണത്തിലേക്ക്. തന്നെക്കാൾ വലിയവൻ പിന്നാലെ എന്നാണല്ലോ. ഈ റെക്കോഡ് തിരുത്തപ്പെടുമോ എന്ന ചോദ്യത്തിന് ‘ഇന്ത്യക്കാരൻ ഈ ഇരിക്കുന്ന എന്റെ സഹതാരം തന്നെ എന്ന് അന്ന് സച്ചിൻ പറഞ്ഞത് എത്രകൃത്യം. രോഹിത്തോ കോഹ്ലിയോ എന്നായിരുന്നു സച്ചിന്റെ പ്രവചനം. ഒടുവിൽ ആ ചരിത്ര നേട്ടമെയ്ത് കോഹ്ലി. തന്റെ റെക്കോഡ് കോഹ്ലി തിരുത്തുമ്പോൾ എല്ലാത്തിനും ക്രിക്കറ്റ് ‘ദൈവം’ സാക്ഷിയായിരുന്നു. ക്രിക്കറ്റ് ദൈവത്തിന്റെ മെക്കയായ വാഖഡെയിൽ തന്നെ ആ റെക്കോഡ് തിരുത്തപ്പെട്ടു.
ഒരു ലോകകപ്പ് നോക്കൗട്ടിൽ കോഹ്ലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത്. നേരത്തേ ഒരു ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ താരമെന്ന സച്ചിന്റെ റെക്കോഡും കോഹ്ലി മറികടന്നിരുന്നു. അതും ഇന്ന് തന്നെ. 2003 ലോകകപ്പിൽ സച്ചിൻ നേടിയ 673 റൺസാണ് കോഹ്ലി പഴങ്കഥയാക്കിയത്.
Discussion about this post