സംസ്ഥാനത്ത് ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നിരോധിച്ച് ഹൈക്കോടതി. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വെടികെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നുണ്ട്. ഉത്തരവിന് ശേഷവും വെടിക്കെട്ട് നടത്തിയാൽ കോടതി അലക്ഷ്യ നടപടി സ്വീകരിക്കും. വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ല കലക്ടർമാർ ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് വന്നത്.
കേരളത്തിലെ എല്ലാ ആരാധനാലയങ്ങളിലും പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങളും മറ്റും പിടിച്ചെടുക്കാൻ ജസ്റ്റിസ് അമിത് റാവലിന്റെ നേതൃത്വത്തിലുള്ള സിംഗിൾ ബെഞ്ച് നിർദേശം നൽകി. പോലീസ് കമ്മീഷണർമാരുടെ സഹായത്തോടെ ജില്ലാ കളക്ടർമാരോടാണ് പരിശോധനയ്ക്ക് നിർദേശം നൽകിയിരിക്കുന്നത്. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും..
Discussion about this post