2023 ക്രിക്കറ്റ് ലോകകപ്പിൽ ആദ്യമായി സെമി ഫൈനലിലെത്തുന്ന ടീമായി ഇന്ത്യ. ശ്രീലങ്കയെ 302 റൺസിന് നാണംകെടുത്തിയാണ് ഇന്ത്യ സെമിയിലിടം നേടിയത്. തുടർച്ചയായി ഏഴുമത്സരങ്ങൾ വിജയിച്ചാണ് ഇന്ത്യ സെമിയിലേക്ക് കുതിച്ചത്. ഇനിയുള്ള രണ്ട് മത്സരങ്ങളിൽ തോറ്റാലും ഇന്ത്യയ്ക്ക് സെമി ബെർത്ത് നഷ്ടമാകില്ല. ഇന്ത്യ ഉയർത്തിയ 358 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക വെറും 19.4 ഓവറിൽ 55 റൺസിന് ഓൾ ഔട്ടായി. ലോകകപ്പിലെ ശ്രീലങ്കയുടെ ഏറ്റവും വലിയ തോൽവിയാണ്. ലോകകപ്പിൽ റൺ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയവുമാണിത്.
ഇന്ത്യ ഉയർത്തിയ വമ്പൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക തുടക്കത്തിൽ തന്നെ തകർന്നടിഞ്ഞു. വെറും 22 റൺസെടുക്കുന്നതിനിടെ ഏഴ് മുൻനിര വിക്കറ്റുകൾ നിലംപൊത്തി. ഇന്ത്യൻ പേസർമാരുടെ തീയുണ്ടകൾക്ക് മുമ്പിൽ ലങ്കൻ താരങ്ങൾ മുട്ടുമടക്കി. സിറാജും ഷമിയും ബുംറയും മാരക ഫോമിൽ പന്തെറിഞ്ഞതോടെ തുടക്കത്തിൽ തന്നെ ഇന്ത്യ വിജയമുറപ്പിച്ചു.
പതും നിസംഗ, ദിമുത് കരുനാരത്നെ, സദീര സമരവിക്രമ, ദുഷൻ ഹേമന്ദ, ദുഷ്മന്ത് ചമീര എന്നിവർ ഒറ്റ റൺസു പോലും എടുക്കാതെ പുറത്തായി. ഏഞ്ചെലോ മാത്യൂസ്, മഹീഷ് തീക്ഷ, കസുൻ രചിത എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. മാത്യൂസും തീക്ഷണയും 12 വീതം റൺസ് നേടി. രചിത 14 റൺസാണ് നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 357 റൺസെടുത്തു. ഓപ്പണർ ശുഭ്മൻ ഗിൽ 92 പന്തിൽ 92 റൺസും വിരാട് കോലി 94 പന്തിൽ 88 റൺസും നേടി പുറത്തായി. 56 പന്തുകൾ നേരിട്ട ശ്രേയസ് അയ്യർ 82 റൺസെടുത്തു. ശ്രീലങ്കയ്ക്കായി ദിൽഷൻ മദുഷംഗ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി.
വാങ്കഡെ സ്റ്റേഡിയത്തിൽ ഹിറ്റ്മാൻ രോഹിത് ശർമയുടെ വെടിക്കെട്ട് ബാറ്റിങ് പ്രതീക്ഷിച്ചെത്തിയ ആരാധകർക്കു വിരുന്നൊരുക്കിയത് വിരാട് കോലിയും ഓപ്പണർ ശുഭ്മൻ ഗില്ലുമായിരുന്നു. മത്സരത്തിലെ രണ്ടാം പന്തിൽ തന്നെ രോഹിത് ശർമ ബോൾഡായി. പക്ഷേ കോലിയും ഗില്ലും ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി. 16 ഓവറിലാണ് (97 പന്തുകൾ) ഇന്ത്യ 100 പിന്നിട്ടത്. വിരാട് കോലി 50 പന്തുകളിലും ഗിൽ 55 പന്തുകളിലും അർധ സെഞ്ചറി തികച്ചു.
അതിവേഗം സെഞ്ചറിയിലേക്കു കുതിച്ച ഗില്ലിനെ ദിൽഷൻ മദുഷംഗയാണു പുറത്താക്കിയത്. ക്യാപ്റ്റൻ കുശാൽ മെൻഡിസ് ക്യാച്ചെടുത്തു ഗില്ലിനെ പുറത്താക്കുകയായിരുന്നു. തൊട്ടുപിന്നാലെ സെഞ്ചറിയില്ലാതെ വിരാട് കോലിയും മടങ്ങിയത് ആരാധകർക്കു നിരാശയായി. മദുഷംഗയുടെ പന്തിൽ പതും നിഗംസ ക്യാച്ചെടുത്തു കോലിയെ മടക്കി.
പിന്നാലെത്തിയ താരങ്ങളിൽ ശ്രേയസ് അയ്യർ നിലയുറപ്പിച്ചപ്പോൾ, കെ.എൽ. രാഹുലും (19 പന്തിൽ 21), സൂര്യകുമാർ യാദവും (ഒൻപതു പന്തിൽ 12) പെട്ടെന്നു മടങ്ങി. അതിവേഗം ബൗണ്ടറികൾ കണ്ടെത്തിയ അയ്യർ 36 പന്തിൽ 50 പിന്നിട്ടു. 44. 5 ഓവറുകളിലാണ് ഇന്ത്യ 300 കടന്നത്. സ്കോർ 333 ൽ നിൽക്കെ ഇന്ത്യയുടെ ആറാം വിക്കറ്റു വീണു. അയ്യരെ മദുഷംഗ മഹീഷ് തീക്ഷണയുടെ കൈകളിലെത്തിക്കുകയായിരുന്നു. മുഹമ്മദ് ഷമിയെ കുശാൽ മെൻഡിസ് റണ്ണൗട്ടാക്കി. അവസാന പന്തുകളിൽ ആഞ്ഞടിച്ച രവീന്ദ്ര ജഡേജ 24 പന്തിൽ 35 റൺസെടുത്തു.
മുഹമ്മദ് ഷമി അഞ്ചും മുഹമ്മദ് സിറാജ് മൂന്നും ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർ ഒരോ വിക്കറ്റും നേടി.
Discussion about this post