2023 ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനാർഹരായത് രണ്ട് പേർ. ഹംഗറിൽ നിന്ന് കാറ്റലിൻ കാരിക്കോയും യുഎസിൽ നിന്ന് ഡ്രൂ വെയ്സ്മാനുമാണ് വൈദ്യ ശാസ്ത്ര നൊബേലിന് അർഹത നേടിയിരിക്കുന്നത്. കോവിഡ്–19 വാക്സിൻ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലാണ് ഇരുവരെയും പുരസ്കാരത്തിലേക്ക് നയിച്ചത്. നൊബേൽ വൈദ്യശാസ്ത്ര വിഭാഗം സമിതിയുടെ സെക്രട്ടറി ജനറൽ തോമസ് പൾമൻ ആണ് വിജയികളെ പ്രഖ്യാപിച്ചത്.
കാറ്റലിൻ കാരിക്കോ ഹംഗറിയിലെ സഗാൻ സർവകലാശാലയിലെ പ്രഫസറാണ്; ഡ്രൂ വെയ്സ്മാൻ പെൻസിൽവാനിയ സർവകലാശാലയിലെ പ്രഫസറും. കോവിഡ് വാക്സിൻ ഗവേഷണത്തിൽ ഉൾപ്പെടെ ഏറെ ഗുണകരമായ കണ്ടെത്തലായ എംആർഎൻഎയുമായി (മെസഞ്ചർ ആർഎൻഎ) ബന്ധപ്പെട്ട പഠനമാണ് ഇരുവരെയും നോബൽ ജേതാക്കൾ ആക്കിയത്. ഹെപ്പറ്റൈറ്റിസ്, മങ്കിപോക്സ് തുടങ്ങിയവയ്ക്കെതിരെയുള്ള വാക്സീൻ ഒരുക്കുന്നതിനും ഡ്രൂവിന്റെയും കാറ്റലിന്റെയും പഠനം സഹായകമായി.
എംആർഎൻഎയുമായി ബന്ധപ്പെട്ട ബേസ് മോഡിഫിക്കേഷനായിരുന്നു ഇരുവരുടെയും പഠനവിഷയം. 2015 ലാണ് ഇവരുടെ ഗവേഷണം പ്രസിദീകരിക്കപ്പെട്ടത്. എന്നാൽ കോവിഡ് വ്യാപന സമയത്ത് ഇത് ശ്രദ്ധിക്കപ്പെട്ടു. എംആർഎൻഎ അടിസ്ഥാനമാക്കി 2020ൽ കോവിഡ്–19 വാക്സിൻ വികസിപ്പിക്കുന്നതിൽ ആ ഗവേഷണ കണ്ടെത്തലുകൾ നിർണായകമായിരുന്നതായി നോബൽ സമിതി വ്യക്തമാക്കി. കോടിക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കുന്നതിലേക്കാണ് ആ ഗവേഷണഫലങ്ങൾ വഴി തെളിച്ചത്.
Summary: Katelyn Carrico and Drew Weissman awarded 2023 Nobel Prize in Medicine.
Discussion about this post