ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് ഒരിക്കൽ കൂടി മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കി. ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് തഴഞ്ഞതിനു പിന്നാലെ നിരാശ പങ്കുവെച്ച് മലയാളി താരം സഞ്ജു സാംസൺ. ‘ഇത് ഇങ്ങനെയൊക്കെ തന്നെയാണ്, ഞാൻ മുന്നോട്ടുപോകുക തന്നെ ചെയ്യും’ എന്നാണ് താരം സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.
ഇന്ത്യൻ ടീമിൻറെ ജഴ്സിയിൽ ബാറ്റു ചെയ്യുന്ന ചിത്രത്തോടൊപ്പം ചിരിക്കുന്ന സ്മൈലിയും പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് ഇതിന് താഴെ താരത്തിന് പിന്തുണ അറിയിച്ചത്. നിങ്ങൾ ലക്ഷക്കണക്കിനാളുകളുടെ ഹൃദയത്തിൽ ഇടം നേടിയിട്ടുണ്ടെന്നും മുന്നോട്ട് തന്നെ പോകുകയെന്നും ഒരു ആരാധകൻ പ്രതികരിച്ചു. നിങ്ങൾ യഥാർഥ ചാമ്പ്യനാണെന്നും നിങ്ങളുടെ സമയം വരുമെന്നും കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കാതെ മുന്നോട്ടുപോകുകയെന്നും പലരും കുറിച്ചു.
ലോകകപ്പിന് മുമ്പുള്ള ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ ഏകദിന പരമ്പരക്കുള്ള ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിനമാണ് ഓസ്ട്രേലിയ ഇന്ത്യയിൽ കളിക്കുക. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ കെ.എൽ. രാഹുലിനെ നായകനാക്കിയും മൂന്നാം മത്സരത്തിൽ രോഹിത് ശർമയെ നായകനാക്കിയും രണ്ട് സ്ക്വാഡിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്.
മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകുകയും പുതുമുഖങ്ങളെ വരെ ഉൾപ്പെടുത്തുകയും ചെയ്ത ടീമിൽ സഞ്ജുവില്ലാത്തത് എന്താണെന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്. സെപ്റ്റംബർ 22ന് മൊഹാലിയിലും 24ന് ഇൻഡോറിലും 27ന് രാജ്കോട്ടിലുമാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര. ആസ്ട്രേലിയയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ എതിരാളികൾ. ഒക്ടോബർ എട്ടിന് ചെന്നൈയിലാണ് മത്സരം.
Discussion about this post