ഏഷ്യാ കപ്പിൽ ആവേശം മുറ്റിയ മത്സരത്തിൽ പാകിസ്താനെ തോൽപിച്ച് ശ്രീലങ്ക ഫൈനലിൽ. ഞായാഴ്ച ഇന്ത്യയുമായാണ് ഫൈനൽ. അവസാന പന്ത് വരെ നീണ്ടുനിന്ന ത്രില്ലറിൽ ശ്രീലങ്കയോട് രണ്ട് വിക്കറ്റിന് തോറ്റാണ് പാകിസ്ഥാൻ പുറത്തായത്. കൊളംബോ, പ്രമദാസ സ്റ്റേഡിയത്തിൽ മഴയെ തുടർന്ന് മത്സരം 42 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 252 റൺസാണ് നേടിയത്. 86 റൺസ് നേടിയ മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്റെ ടോപ് സ്കോറർ. മറുപടി ബാറ്റിംഗിൽ ശ്രീലങ്ക അവസാന പന്തിൽ വിജയലക്ഷ്യം മറികടന്നു. 91 റൺസ് നേടിയ കുശാൽ മെൻഡിസാണ് ലങ്കയുടെ ടോപ് സ്കോറർ. എന്നാൽ 47 പന്തിൽ 49 റൺസെടുത്ത് പുറത്താവാതെ നിന്ന ചരിത് അസലങ്ക ലങ്കയുടെ വിജയത്തിൽ നിർണാക പങ്കുവഹിച്ചു.
ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തെരഞ്ഞെടുത്തെങ്കിലും അത്ര നല്ലതായിരുന്നില്ല തുടക്കം. അഞ്ചാം ഓവറിൽ ഓപണർ ഫഖർ സമാൻ (4) പുറത്താവുമ്പോൾ സ്കോർ ബോർഡിൽ ഒമ്പത് റൺസ് മാത്രം. ഷഫീഖും ക്യാപ്റ്റൻ ബാബർ അഅ്സവും ചേർന്നാണ് ടീമിനെ കരകയറ്റിയത്. 29 റൺസെടുത്ത് ബാബർ മടങ്ങി. അർധ ശതകം തികച്ചതിന് പിന്നാലെ ഷഫീഖും തുടർന്ന് മുഹമ്മദ് ഹാരിസും (3) മുഹമ്മദ് നവാസും (12) മടങ്ങിയതോടെ അഞ്ചിന് 130ലേക്ക് പതറി.
Discussion about this post