സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ നിപയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾ പൊതുജനങ്ങൾ മനസിലാക്കേണ്ടത് അത്യാവശ്യമാണ്.
എന്താണ് നിപ വൈറസ്?
ഹെനിപാവൈറസ് ജനുസിലെ പാരമിക്സോ വിറിഡേ വിഭാഗത്തില്‍പ്പെട്ട ആര്.എന്‍.എ. വൈറസുകളാണ് നിപ വൈറസുകള്‍ എന്ന് അറിയപ്പെടുന്നത്. മലേഷ്യയിലെ നിപ (Kampung Baru Sungai Nipah) എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് ഈ പേരില്‍ വൈറസ് അറിയപ്പെടുന്നത്. ഈ വൈറസ് പ്രാഥമികയും വവ്വാലുകളിലാണ് കാണപ്പെടുന്നത്. ഐസിഎംആര്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം കേരളം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരിലേക്ക് വൈറസ് എത്തിയാൽ അവരുമായുള്ള സമ്പർക്കത്തിലൂടെയും വൈറസ് മറ്റുള്ളവരിലേക്ക് പകരാം.
നിപ വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് കഴിഞ്ഞാൽ രോഗലക്ഷണങ്ങള്‍ പ്രകടമാകാനെടുക്കുന്ന കാലയളവ് അതായത് ഇന്‍കുബേഷന്‍ പീരീഡ് 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് 21 ദിവസം വരെയാകാം. പ്രധാന ലക്ഷണങ്ങൾ എന്നത് പനിയോടൊപ്പം തലവേദന, ജെന്നി, ചുമ, പിച്ചും പേയും പറയുക, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയാണ്. രോഗലക്ഷങ്ങൾ സമയം കഴിയും തോറും വർധിച്ചു വരാം. ഇത് രോഗവ്യാപന സാധ്യത കൂടാനും ഇടയാക്കും.
വവ്വാലിന്റെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത്. പന്നികള്‍ പോലെയുള്ള മറ്റ് മൃഗങ്ങളും രോഗാണുവാഹകരാകാം എങ്കിലും ഇന്ത്യയില്‍ നിന്നും അതിന്റെ തെളിവുകള്‍ കിട്ടിയിട്ടില്ല.
സംസ്ഥാന ആരോഗ്യവിഭാഗം പുറത്തുവിട്ട നിര്‍ദ്ദേശങ്ങള്‍:
- നിപ വായുവിലൂടെ അടുത്ത് നില്കുന്നവരിലേക്കാണ് പകരാൻ സാധ്യതയുള്ളത്. സാമാന്യം ദൂരത്ത് നില്ക്കുന്നവരിലേക്ക് പകരില്ല. അതായത് ലക്ഷണം ഉള്ളവരുമായി അടുത്ത സമ്പർക്കത്തിൽ വന്നാലാണ് നിപ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.
- വവ്വാലുകളില്‍ നിന്നും നേരിട്ടോ അല്ലാതെയോ, അതായത് വവ്വാല് കടിച്ച പഴങ്ങള്‍, വവ്വാലുകളില്‍ നിന്നും അണുബാധയുണ്ടായ മറ്റ് മൃഗങ്ങള്‍ തുടങ്ങിയവയിലൂടെയാണ് വൈറസ് മനുഷ്യരില്‍ എത്തുക.
- രോഗിയുമായി അടുത്ത് സമ്പര്‍ക്കത്തില്‍ വന്നാലും എന്‍ 95 മാസ്കുകളും മറ്റ് സംരക്ഷണ ഉപാധികളും ഉപയോഗിച്ച് രോഗാണുബാധ തടയാനാകും.
- എല്ലാ ആരോഗ്യപ്രവര്‍ത്തകരും രോഗികളെ കാണുന്ന സമയങ്ങളില്‍ എന്‍ 95 മാസ്കുകള്‍ ഉപയോഗിക്കുന്ന എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
- രോഗ ലക്ഷണങ്ങൾ കണ്ടാലുടൻ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടേണ്ടതാണ്.
Summary: Beware of Nipah virus; Things to watch out for.
Discussion about this post