പനി ബാധിച്ച് മരിച്ച രണ്ടുപേർക്ക് നിപ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. ഇതോടെ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ സാംപിളുകളും പരിശോധനയ്ക്ക് അയച്ചു. സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച സംഘം കോഴിക്കോട്ടെത്തി.
കോഴിക്കോട്ട് രണ്ട് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. മരുതോങ്കര, തിരുവള്ളൂർ പ്രദേശവാസികളാണ് മരിച്ചത്. മരിച്ചതിൽ ഒരാൾക്ക് 49 വയസ്സും ഒരാൾക്ക് 40 വയസ്സുമാണ്. ഒരാൾ ഓഗസ്റ്റ് 30-നും രണ്ടാമത്തെയാൾ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയുമാണ് മരിച്ചത്.
കോഴിക്കോട് ജില്ല നിപയുടെ ഭീതിയിൽ ജില്ലയിൽ മാസ്ക് ഉപയോഗം നിർബന്ധമാക്കി. കോഴിക്കോട് ആരോഗ്യവകുപ്പ് കർശന ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. നിപയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശിച്ചു. നിപ പ്രതിരോധത്തിനായി 16 ടീമുകൾ രൂപീകരിച്ചിട്ടുണ്ട്.
അതേസമയം മരുതോങ്കരയിൽ പനി ബാധിച്ച് മരിച്ച ആളുമായി സമ്പർക്കം പുലർത്തിയതായി കണ്ടെത്തിയ ആർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ സജിത്ത് വ്യക്തമാക്കി. എങ്കിലും ഇവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മാത്രമല്ല പഞ്ചായത്തിൽ പ്രത്യേകം കൺട്രോൾ റൂം തുറന്നിട്ടുണ്ട്. പ്രദേശത്ത് പനി ബാധിച്ചിരിക്കുന്ന ആളുകളെ കണ്ടെത്താനുളള സർവ്വേയും പുരോഗമിക്കുകയാണ്.
നിപ സംശയത്തെത്തുടർന്ന് കോഴിക്കോട് നാലു പേർ ചികിത്സയിലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ് ചികിത്സയിലുള്ളത്. നിലവിൽ 75 പേരുടെ സമ്പർക്ക പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നു. പ്രാഥമിക സമ്പർക്കമാണ് ആണ് എല്ലാം. ഹൈ റിസ്കിലും ഇവർ ഉൾപ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
എല്ലാ ആശുപത്രികളിലും മാസ്ക്, പിപി കിറ്റ് അടക്കമുള്ള ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ ആരോഗ്യപ്രവർത്തകർ പാലിക്കണം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
Summary: Nipah alert; Mask made mandatory in Kozhikode district; Minister should avoid unnecessary visits to hospitals
Discussion about this post