സോളാർ ഗൂഢാലോചനയിൽ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച നടന്നു. വാദ പ്രതിവാദനങ്ങൾക്കൊടുവിൽ പ്രതിപക്ഷത്തിന്റെ പ്രമേയം സഭ തള്ളി. അഞ്ച് വ്യാജ കത്തുകളുടെ പേരിൽ ഉമ്മൻചാണ്ടിയെ വേട്ടയാടിയർ മാപ്പ് പറയണമെന്ന് പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷ എംഎൽഎ ഷാഫി പറമ്പിൽ രംഗത്തെത്തിയിരുന്നു. ഉച്ചക്ക് ഒരുമണി മുതൽ 3 50 വരെ ചർച്ച നീണ്ടു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണമടക്കമുയർന്ന പരാതിക്കാരിയുടെ കത്തുമായി ബന്ധപ്പെട്ട ‘ഗൂഢാലോചന’ അന്വേഷിക്കുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സോളാർ വിഷയത്തിൽ സഭയിൽ സംസാരിക്കവെ വിഷയത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടിയതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം.
വസ്തുതയുമായി ബന്ധമില്ലാത്ത വിചിത്ര ആരോപണങ്ങളാണ് സോളാർ വിഷയത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് അടിയന്തര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് സതീശനും മുഖ്യമന്ത്രി പിണറായിയും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. പ്രതിപക്ഷ നേതാവടക്കമുള്ളവർ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് അവതരിപ്പിക്കാൻ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദല്ലാളിനെ നന്നായി അറിയുക യുഡിഎഫിനാണ്. കേരള ഹൗസിൽ ബ്രേക് ഫാസ്റ്റ് കഴിക്കുന്നതിനിടെ ദല്ലാളിനോട് ഇറങ്ങി പോകാൻ പറഞ്ഞ ആളാണ് താൻ. അത് പറയാൻ വിജയന് മടിയില്ലെന്നും ദല്ലാൾ തന്റെ അടുത്ത് വന്നു എന്നത് എന്ത് ആവശ്യത്തിന് വേണ്ടി കെട്ടി ചമച്ച കഥയാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
‘സർക്കാർ അധികാരത്തിൽ വന്ന് മൂന്നാം മാസം ദല്ലാൾ അടക്കം എന്റെ അടുത്തുവന്ന് പരാതിനൽകി എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. കേരള ഹൗസിൽ വെച്ച് ഞാൻ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ എന്റെയടുത്ത് ദല്ലാൾ വന്നപ്പോൾ ഇറങ്ങിപ്പോകാൻ പറഞ്ഞ ആളാണ് ഞാൻ. അത് സതീശൻ പറയുമോ എന്നറിയില്ല. മുഖ്യമന്ത്രിയായപ്പോൾ ദല്ലാൾ എന്റെ അടുത്ത് വന്നുവെന്ന് പറയുന്നത് പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് വേണ്ടിയാണ്. അങ്ങനെ അടുത്ത് വരാൻ അത്രപെട്ടെന്ന് ഒരു മാനസിക നില അദ്ദേഹത്തിന് ഉണ്ടാകും എന്ന് തോന്നുന്നില്ല’, മുഖ്യമന്ത്രി പറഞ്ഞു.
ഉമ്മൻചാണ്ടിക്കെതിരെ മുൻപ് ആരോപണം ഉന്നയിച്ചത് മുൻ ചീഫ് വിപ്പ് പിസി ജോർജ്ജാണ്. പാതിരാത്രിയിൽ പരാതിക്കാരിയെ വിളിച്ചു സംസാരിച്ചത് കോൺഗ്രസ് ഭരണഘടന അല്ലല്ലോ എന്ന് ചോദിച്ചത് ഞങ്ങളല്ല. വേട്ടയാടലിന്റെ ചരിത്രം പറഞ്ഞാൽ യുഡിഎഫിന് അത്ര സുഖമാകുമോ എന്നും പിടി ചാക്കോ മുതൽ ഉള്ള ചരിത്രം പറഞ്ഞ് മുഖ്യമന്ത്രിയുടെ മറുപടി നൽകി. ആരെയും വേട്ടയാടിയിട്ടില്ല. ലഭ്യമല്ലാത്ത റിപ്പോർട്ടിന്റെ പേരിൽ അന്വേഷണത്തിന് പ്രയാസമാണ്. റിപ്പോർട്ടിൽ നിയമ പരിശോധന നടത്താമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
‘സോളാർ തട്ടിപ്പുകേസ് എൽ.ഡി.എഫ്. സർക്കാരോ ഇടതുപക്ഷമോ സൃഷ്ടിച്ചതോ കെട്ടിച്ചമച്ചതോ അല്ല. കേസിന്റെ തുടക്കം മുതൽ അഭിനയിക്കുന്നത് കോൺഗ്രസുകാർ തന്നെയാണ്. ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ എന്ന നിലപാടാണ് ഞങ്ങൾക്ക്. അന്നും ഇന്നും ഇത് തന്നെയാണ്. വ്യവസ്ഥാപിതമായ രീതിയിൽ നിയമപമായ അന്വേഷണം നടക്കട്ടെ. അതിൽ കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കപ്പെടട്ടേ എന്നനിലപാടാണ് ഞങ്ങൾ എടുത്തിട്ടുള്ളത്. സോളാർ തട്ടിപ്പ് പരാതികൾ ഉയർന്ന് വന്നഘട്ടത്തിലും അന്നത്തെ ഭരണനേതൃത്വത്തിന്റേയും അന്നത്തെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേരുകൾ ഉയർന്നപ്പോഴും, സി.ബി.ഐ. അന്വേഷണ റിപ്പോർട്ടിന്റെ പേരിൽ അവകാശവാദം ഉന്നയിക്കുമ്പോഴും ഞങ്ങൾക്ക് മുൻ നിലപാടിൽ മാറ്റമില്ലെന്നും അന്ന് എടുത്ത നിലപാട് തന്നെയാണ് ഇപ്പോഴും ഉള്ളത്, മുഖ്യമന്ത്രി വ്യക്തമാക്കി.
ഉമ്മൻചാണ്ടിക്കെതിരെ ക്രിമിനൽ ഗൂഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. ഞങ്ങളുട ആരോപണം മുഖ്യമന്ത്രിക്കെതിരെയാണ്. പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ട് കൊണ്ട് പോയതും മുഖ്യമന്ത്രിയാണ്. അധികാരത്തിൽ വന്നു മൂന്നാം ദിവസം പരാതിക്കാരി മുഖ്യമന്ത്രിയെ കാണുന്നു. പരാതിക്കാരിക്ക് പണം കൊടുത്തു കത്ത് വാങ്ങിയത് നന്ദകുമാർ ആണെന്നും വിഡി സതീശൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
Summary: After the discussions on solar case ,the House rejected the resolution of the opposition
Discussion about this post