പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ റെക്കോർഡ് വിജയത്തിൽ തകർന്നിരിക്കുകയാണ് എൽ ഡി എഫ്. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 35,000 കടന്നപ്പോൾ തകർന്നത് പുതുപ്പള്ളിയിലെ സിപിഎമ്മിന്റെ വോട്ട് ബാങ്കാണ്. തങ്ങൾ കെട്ടി പടുത്ത ചീട്ട് കൊട്ടാരം തകർന്നത് വിലയിരുത്തുകായാണ് ഇടത് മുന്നണികൾ.
കണക്കുകൾ പ്രകാരം 2021നേക്കാൾ 14726 വോട്ടുകളിളാണ് യു ഡി എഫ് പോൾ ചെയ്തത്. എൽ ഡി എഫിന് 12684 വോട്ടുകളുടെ കുറവ് രേഖപ്പെടുത്തി. ചിത്രത്തിൽ ഇല്ലാതെ ബിജെപി സ്വന്തമാക്കിയത് വെറും 6447 വോട്ടുകൾ.
ജെയ്‌ക് സി തോമസ് കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിയോട് ശക്തമായ മത്സരം കാഴ്‌ചവെച്ചുവെങ്കിലും ഇത്തവണ കനത്ത തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. 2021 നിയമസഭാ ഇലക്ഷനിൽ മുഖ്യമന്ത്രി പിണറായി വിജയനെ മുൻനിർത്തിയുള്ള ക്യാപ്റ്റൻ പ്രചാരണത്തിൻറെ ശോഭ ഇത്തവണ പുതുപ്പള്ളിയിൽ പ്രതിഫലിക്കാത്തതും എൽഡിഎഫിന് വൻ തിരിച്ചടിയായി.
2016ലെ ആദ്യ മത്സരത്തിൽ ജെയ്ക് മണ്ഡലത്തിലെ 33.4 ശതമാനം വോട്ടായ 44505 വോട്ട് നേടിയിരുന്നു. അന്ന് ഉമ്മൻ ചാണ്ടി മണ്ഡലത്തിലെ 53.7 ശതമാനം വോട്ട് നേടിയിരുന്നു 71597 വോട്ടാണ് ഉമ്മൻ ചാണ്ടി നേടിയത്. 2011 തെരഞ്ഞെടുപ്പിനെക്കാൾ ഇടതുപക്ഷത്തിൻറെ നില മെച്ചപ്പെടുത്താൻ അന്ന് ജെയ്ക്കിന് സാധിച്ചിരുന്നു.
എന്നാൽ 2021ലെ നിയമ സഭാ തെരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്തൽ മാത്രമല്ല മറിച്ച് ഉമ്മൻ ചാണ്ടിയെ വിറപ്പിക്കുന്നതായിരുന്നു ജെയ്ക്കിൻറെ പോരാട്ടം. മണ്ഡലത്തിലെ 41.4 ശതമാനം വോട്ട് നേട്ടവുമായി ജെയ്ക് വോട്ടെണ്ണലിന്റെ വിവിധ ഘട്ടങ്ങളിൽ കോൺഗ്രസ് ക്യാംപുകളിൽ ആശങ്ക പടർത്തിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷത്തിലും വലിയ ഇടിവുണ്ടാക്കാൻ ജെയ്കിന് സാധിച്ചെങ്കിലും അന്തിമ വിജയം ഉമ്മൻ ചാണ്ടിക്ക് തന്നെയായിരുന്നു. മണർകാട് പഞ്ചായത്തിലും പാമ്പാടി പഞ്ചായത്തിലും ജെയ്ക് സി തോമസിന് കിട്ടിയ വോട്ടുകളായിരുന്നു 2021ൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറക്കുന്നതിൽ നിർണായകമായത്. എന്നാൽ 2023 ലെ ഉപതെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് പോയിട്ട് പാമ്പാടി ദേശത്ത് ദർശിക്കാനാൻ പോലും ജെയ്ക്കിനായില്ല.
സഹതാപ തരംഗം ആഞ്ഞടിച്ച ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 61 ശതമാനത്തിലധികം വോട്ട് നേടിയാണ് ചാണ്ടി ഉമ്മൻ ജയിക്കുമ്പോൾ 2021നെ അപേക്ഷിച്ച് പതിനായിരത്തോളം വോട്ടിൻറെ കുറവിലാണ് ജെയ്ക് ഹാട്രിക് തോൽവി ഏറ്റുവാങ്ങുന്നത്.
ജെയ്കിനെ സംബന്ധിച്ചടുത്തോളം 2016 ലെ കന്നിയങ്കത്തിൽ നേടിയ വോട്ട് പോലും ഇക്കുറി നേടാനായില്ലെന്നത് ക്ഷീണമാകും. ഇടത് കോട്ടകളിൽ പോലും ഇക്കുറി ജെയ്ക്കിന് കാലിടറിയെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. എന്തായാലും വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ പാർട്ടിയിൽ പരിശോധനയുണ്ടാകുമെന്നുറപ്പാണ്.
Discussion about this post