മണിപ്പുർ കലാപത്തിന്റെ പ്രശ്ന പരിഹാരത്തിനായി മൂന്ന് മുൻ ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിച്ച് സുപ്രീം കോടതി. നിയമവാഴ്ച പുനഃസ്ഥാപിക്കലാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. അന്വേഷണങ്ങളക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയിൽ വരുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മലയാളിയായ ആശ മേനോനോടൊപ്പം ഗീത മിത്തൽ, ശാലിനി പി. ജോഷി എന്നിവരടങ്ങുന്ന പാനലാണ് രൂപീകരിച്ചത്.
20 പേരടങ്ങുന്ന സംഘമാണ് മണിപ്പുർ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന് അഭിഭാഷകനായ കോളിൻ ഗോൺസാൽവസ് കോടതിയെ അറിയിച്ചു. ഈ 20 പേരെ പിടികൂടാനായാൽ അക്രമം നിയന്ത്രിക്കാനാകുമെന്ന് ഗോൺസാൽവസ് പറഞ്ഞു. മണിപ്പുർ സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി.
സ്ത്രീകൾക്കെതിരായ അക്രമങ്ങൾ അന്വേഷിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 5 എസ്പിമാരോ ഡിവൈഎസ്പിമാരോ അടങ്ങുന്ന സംഘത്തെ നിയോഗിക്കാൻ പദ്ധതിയുണ്ട്. ഇതിന്റെ ചുമതല മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ ദത്താത്രെയ് പഡ്സാൽഗികർക്ക് ആയിരിക്കും. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൽ (എസ്ഐടി) മണിപ്പുരിന് പുറത്തുനിന്നുള്ള എസ്പി റാങ്കിൽ കുറയാത്തവരെ നിയോഗികാണാമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Summary: Manipur riots: Supreme Court forms special committee of 3 former high court judges.
Discussion about this post