ഹൈദരാബാദ്: ഇന്ത്യ കാത്തിരിക്കുന്ന ചാന്ദ്ര ദൗത്യത്തിന് ഇനി മണിക്കൂറുകൾ മാത്രം. ഉച്ചയ്ക്ക് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് കൗണ്ട് ഡൗണ്‍ ആരംഭിച്ചത്.
വിക്ഷേപണത്തിന് എല്ലാ സാഹചര്യങ്ങളും അനുകൂലമാണെന്നാണ് വിവരം. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ വിക്ഷേപണ വാഹനമായ എല്‍വിഎം 3 റോക്കറ്റ് സജ്ജമാണ്. വിക്ഷേപണം കഴിഞ്ഞ് പതിനാറാം മിനുട്ടില്‍ പേടകം റോക്കറ്റില്‍ നിന്ന് വേര്‍പ്പെടും. ഭൂമിയില്‍ നിന്ന് 170 കിലോമീറ്റര്‍ എറ്റവും കുറഞ്ഞ ദൂരവും 36500 കിലോമീറ്റര്‍ കൂടിയ ദൂരവുമായിട്ടുള്ള പാര്‍ക്കിംഗ് ഓര്‍ബിറ്റിലാണ് ആദ്യം പേടകത്തെ സ്ഥാപിക്കുന്നത്. അവിടുന്ന് അഞ്ച് ഘട്ടമായി ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുമായുള്ള അകലം കൂട്ടി കൂട്ടി കൊണ്ടുവരും. ഇതിന് ശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര. ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ചാല്‍ അഞ്ച് ഘട്ടമായി ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറച്ച് കൊണ്ടു വരും. ഒടുവില്‍ ചന്ദ്രനില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിയ ശേഷമായിരിക്കും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ചാന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ വേര്‍പ്പെടുക. ഇതിന് ശേഷമാണ് സോഫ്റ്റ് ലാന്‍ഡിങ്ങ്. ചന്ദ്രയാന്‍ രണ്ടിന് സാധിക്കാതെ പോയത് ചന്ദ്രയാന്‍ മൂന്നിന് സാധിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഐഎസ്ആര്‍ഒ.
Summary: Chandrayaan-3 launch will take place from the Satish Dhawan Space Center in Sriharikota at 2.35 pm.
Discussion about this post