ഏഷ്യന്‍ ഫുട്ബോളില്‍ വീണ്ടും ഇന്ത്യയുടെ നീല വസന്തമെത്തി. ഇന്റര്‍ കോണ്ടിനെന്റല് കപ്പിനു പിന്നാലെ സാഫ് കപ്പും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. കുവൈത്തിനെതിരായ ഫൈനല്‍ തീ പാറിയ പോരാട്ടമായിരുന്നു. നിശ്ചിത സമയവും അധികസമയവും പെനാല്‍റ്റി ഷൂട്ടൗട്ടും കടന്ന് സഡന്‍ ഡെത്തിലെത്തിയ മത്സരം ഇന്ത്യന്‍ ഫുട്ബോളില്‍ ഒരു പൊന്‍ തൂവലായി മാറും. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ കുവൈത്തിന്റെ ആറാം കിക്ക് എടുത്ത ഖാലിദ് എല്‍ ഇബ്രാഹിമിനെ തടഞ്ഞാണ് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ സന്ധു താരമായത്. സാഫില്‍ ഇന്ത്യയുടെ ഒമ്പതാംകിരീടമാണ്. ഈ വര്‍ഷത്തെ മൂന്നാമത്തെ കിരീടവും.
കരുത്തന്മാരുടെ പോരാട്ടമായിരുന്നു ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ കണ്ടത്. ആക്രമിച്ചു കളിച്ച ഇന്ത്യക്കെതിരെ പ്രത്യാക്രമണത്തിലൂടെ കുവൈത്ത് ആദ്യം ലീഡ് നേടി. അല്‍ ഖാല്‍ദിയാണ് കുവൈത്തിനായി സ്കോര്‍ ചെയ്തത്. പക്ഷെ ഗോള്‍ വഴങ്ങിയെങ്കിലും ഇന്ത്യ തളര്‍ന്നില്ല. ആദ്യപകുതി അവസാനിക്കാന്‍ ഏഴ് മിനിറ്റ് ശേഷിക്കെയാണ് ഇന്ത്യയുടെ സുന്ദര ടീം ഗോള്‍ പിറന്നത്. വലതുഭാഗത്തുനിന്നുള്ള ക്രോസ് തടയാന്‍ കുവൈത്ത് പ്രതിരോധം പരാജയപ്പെട്ടു. പന്ത് ആഷിഖ് കുരുണിയന്റെ കാലില്‍. പ്രതിരോധക്കാരെ വെട്ടിച്ച് ആഷിഖ് ഛേത്രിയിലേക്ക് പന്തൊഴുക്കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉടന്‍ ബോക്സിലേക്ക് ത്രൂപാസ് നല്കി. പാസ് നിഷ്പ്രയാസം സഹല്‍ അബ്ദുള്‍ സമദ് പിടിച്ചെടുത്തു. ഉടന്‍ മറുഭാഗത്തേക്ക് ക്രോസ്. ചാങ്തെ ലക്ഷ്യം കണ്ടു. സ്കോര്‍ 1-1.
രണ്ടാംപകുതിയില്‍ ഇരുഭാഗത്തും കടുത്ത ഫൗളുകള്‍ നിറഞ്ഞു. റഫറിക്ക് പലതവണ മഞ്ഞക്കാര്‍ഡ് വീശേണ്ടിവന്നു. പക്ഷെ ഇരു പക്ഷവും ആക്രമണങ്ങള്‍ നടത്തിയിട്ടും ലക്ഷ്യം മാത്രമകന്നു നിന്നു. രണ്ടാം പകുതിയിലും അധിക സമയത്തും സ്കോര്‍ ബോര്‍ഡ് ചലിക്കാതെ നിന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ ഇന്ത്യക്കായി ആദ്യ കിക്കെടുത്ത ഛേത്രി കുവൈത്ത് ഗോളി മര്‍സൂഖിന് മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് വലയിലാക്കിയപ്പോള്‍ കുവൈത്തിന്റെ മുഹമ്മദ് അബ്ദുല്ലയുടെ കിക്ക് വലത്തോട്ട് ചാടി ഗുര്‍പ്രീത് തടഞ്ഞു. ഗാലറിയില്‍ ആവേശത്തിരയുയരവെ ഇന്ത്യക്കായി സന്ദേശ് ജിങ്കാന് രണ്ടാം കിക്ക് വലയിലാക്കി. പിന്നീട് കുവൈത്തിന്റെ അല്‍തൊയ്ബി, ദെഫ്രി , മെഹ്റാന്, ഷബൈബ് എന്നിവരും ഇന്ത്യയുടെ ചാങ്തെ, സുഭാഷിഷ് എന്നിവരും സ്കോര്‍ ചെയ്തപ്പോള്‍ ഉദാന്തക്ക് പിഴച്ചു ടൈബ്രേക്കറില്‍ ആദ്യ ഷോട്ട് മഹേഷ് വലയിലെത്തിച്ചപ്പോള്‍ കുവൈത്ത് ക്യാപ്റ്റന്‍ ഹാജിയയുടെ ഷോട്ട് ഗുര്‍പ്രീത് രക്ഷപ്പെടുത്തി ഇന്ത്യക്ക് വിജയം സമ്മാനിച്ചു.
Discussion about this post