പനി ഇപ്പോൾ പണി തരുന്ന കാലമാണല്ലോ. ഡെങ്കി പനി ഉൾപ്പെടെ കേരളത്തിൽ പനി പടർന്നു പിടിച്ചിരിക്കുകയാണ്. രണ്ടു മൂന്ന് ദിവസം ആണ് സാധാരണ പനി വന്നാൽ മാറാൻ എടുക്കുന്ന സമയം. എന്നാൽ ഇപ്പോൾ പനി നാല് ദിവസത്തിന് മേലെ തങ്ങി നിൽക്കുന്നുണ്ട്. വിട്ടു വിട്ടു വരുന്ന പനിയും സർവ്വ സാധാരണമായിരിക്കുകയാണ്.
പനി പടർന്നു പിടിക്കുന്ന തോതും വളരെ വലുതാണ്. കടുത്ത ചൂടിൽ നിന്നും പെട്ടെന്ന് തണുപ്പിലേക്ക് മാറുന്ന കാലാവസ്ഥ വൈറസുകൾക്ക് അനുകൂല സാഹചര്യം ഒരുക്കുന്നതാണ്. ഇതു മാത്രമല്ല, ഡെങ്കിപ്പനിയ്ക്ക് കാരണമായ കൊതുകുകൾ കെട്ടി നിൽക്കുന്ന ജലത്തിൽ പെറ്റു പെരുകുന്നു. കുട്ടികൾ സ്കൂളിൽ പോയി തുടങ്ങിയതും അവർക്കിടയിൽ പനി പെട്ടെന്നു പടരുന്നതിനും മറ്റും സാഹചര്യമൊരുക്കുന്നു.
കേരളത്തിൽ ഏറ്റവും അധികം ആളുകളെ ബാധിക്കുന്ന പകർച്ച വ്യാധിയാണ് ഡെങ്കിപ്പനി. വെള്ളം കെട്ടിക്കിടക്കുന്നതും കൊതുക് ധാരാളം വളരുന്നതുമായ പ്രദേശങ്ങളെല്ലാം ഡെങ്കിപ്പനിയുടെ ‘ഹോട്ട്സ്പോട്ടു’കളാണ്. ഓരോ വർഷവും നൂറു മുതൽ നാനൂറ് മില്യൺ വരെ ഡെങ്കി വൈറസ് ബാധ ലോകത്ത് ഉണ്ടാകാറുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ.
ഡെങ്കിയെ കുറിച്ച് കൂടുതൽ അറിയാം:
ഡെങ്കി വൈറസ്(DENV) ആണ് ഡെങ്കിപ്പനിക്ക് ഇടയാക്കുന്നത്. ഫ്ളാവിവിരിഡെ കുടുംബത്തിൽപ്പെട്ട DENV 1, DENV 2, DENV 3, DENV 4, DENV 5 എന്നിങ്ങനെ അഞ്ച് തരത്തിലുള്ള ഡെങ്കി വൈറസുകളാണുള്ളത്. ഈഡിസ് ഈജിപ്തി എന്ന വിഭാഗത്തിൽപ്പെട്ട പെൺകൊതുകുകളുടെ കടിയേൽക്കുമ്പോഴാണ് ഡെങ്കി വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. പകൽ സമയത്താണ് ഈ കൊതുകുകൾ മനുഷ്യനെ കടിക്കുന്നത്. ഡെങ്കി വൈറസ് ബാധിച്ച ഗർഭിണിയിൽ നിന്നും ഗർഭസ്ഥ ശിശുവിനും ഡെങ്കി വൈറസ് പകർന്നേക്കാം.
ഡെങ്കി വൈറസുകൾ ശരീരത്തിലെത്തിക്കഴിഞ്ഞാൽ രണ്ടു മുതൽ ഏഴു ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടുത്ത പനി, കടുത്ത തലവേദന, കണ്ണിന് ചുറ്റുമുള്ള വേദന, പേശികളിലും സന്ധികളിലുമുള്ള കടുത്ത വേദന, ക്ഷീണം, ഛർദി, നിർജ്ജലീകരണം എന്നിവയൊക്കെയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.
വൈറസ് സാന്നിധ്യം ഉണ്ടോയെന്ന് കണ്ടെത്താൻ രക്തപരിശോധനയാണ് നടത്തേണ്ടത്. റിവേഴ്സ് ട്രാൻസ്ക്രിപ്റ്റേയ്സ് പോളിമെറേസ് ചെയിൻ റിയാക്ഷൻ(RT-PCR), എൻസൈം ലിങ്ക്ഡ് ഇമ്മ്യൂണോസോർബന്റ് അസ്സായ്സ്(എലിസ) എന്നീ പരിശോധനകൾ വഴി രോഗം നിർണയിക്കാം.
രോഗ ലക്ഷണങ്ങൾ കണ്ടെത്തി അവ കുറയ്ക്കുക എന്നതാണ് ഡെങ്കിപ്പനിയുടെ ചികിത്സാരീതി. ഡെങ്കി പനിയുടെ പ്രാരംഭ ഘട്ടത്തിൽ കിടത്തി ചികിത്സ വേണ്ടി വരാറില്ല. പനി കുറയ്ക്കാനുളള പാരസെറ്റമോൾ, പേശീവേദന, സന്ധിവേദന എന്നിവ കുറയ്ക്കാനുള്ള മരുന്നുകൾ എന്നിവയാണ് നൽകുക. നിർജ്ജലീകരണം അകറ്റാൻ ധാരാളം വെള്ളം കുടിക്കുകയും വേണം. നല്ല വിശ്രമവും അത്യാവശ്യമാണ്.
ഡെങ്കി പനി ബാധിച്ച രോഗികളിൽ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയും. അതിനാൽ കൃത്യമായ ഇടവേളകളിൽ അവരെ രക്ത പരിശോധനയ്ക്ക് വിധേയരാക്കണം. ആരോഗ്യമുള്ള ഒരു വ്യക്തിയിൽ സാധാരണമായി 1.5 ലക്ഷം മുതൽ 4.5 ലക്ഷം വരെയാണ് പ്ലേറ്റ്ലെറ്റുകളാണുണ്ടാവുക. ഡെങ്കിപ്പനി ബാധിച്ചവരിൽ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം അമ്പതിനായിരത്തിൽ താഴെയാകുമ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകേണ്ടതായി വരും.
പ്രതിരോധമാണ് ഡെങ്കിപ്പനിയെ തുരത്താനുള്ള പ്രധാന ഉപായം. കൊതുകു വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. ജീവിതരീതികളിൽ കൃത്യമായ ശുചിത്വ ശീലങ്ങൾ പിന്തുടരുക എന്നതൊക്കെ പ്രധാനമാണ്. കൊതുകുകടി ഏൽക്കാതെ സ്വയം സംരക്ഷിക്കുന്നത് ഡെങ്കി പോലുള്ള കൊതുക് പരത്തുന്ന രോഗങ്ങൾ തടയാൻ വളരെ അത്യാവശ്യമാണ്.
Summary: All you need to know about dengue.
Discussion about this post