കോട്ടയം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസ് പിടിയില്‍. കോട്ടയത്ത് കെഎസ്ആര്‍ടിസി ബസില്‍ ഇരിക്കവെയാണ് നിഖിലിനെ കസ്റ്റഡിയിലെടുത്തത്. വൈകുന്നേരം മുതല്‍ തന്നെ പൊലീസിന് മുന്നില്‍ കീഴടങ്ങുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു. പിന്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. ഒളിവില്‍ പോയി അഞ്ച് ദിവസം കഴിഞ്ഞാണ് നിഖില്‍ തോമസ് പിടിയിലാകുന്നത്.
കീഴടങ്ങാന്‍ നിഖിലിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. നിഖിലിന്റെ അച്ഛനെയും സഹോദരങ്ങളെയും സ്റ്റഷനില്‍ വിളിച്ചു വരുത്തി മണിക്കൂറുകള്‍ ചോദ്യം ചെയ്തു. മൂന്ന് സിഐമാരെ കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്.വിവാദമായതോടെ നിഖില്‍ തോമസിനെ സിപിഎം പുറത്താക്കിയിരുന്നു.
ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സര്‍വകലാശാല തന്നെ വ്യക്തമാക്കിയതിന് പിന്നാലെ എസ്എഫ്‌ഐയും നിഖിലിനെ പുറത്താക്കിയിരുന്നു. നിഖില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മും പ്രവര്‍ത്തകനെതിരെ നടപടിയെടുത്തത്.
Discussion about this post