മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാലുടൻ കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് സന്നാഹമൊരുക്കുന്നു. സുധാകരൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണനയ്ക്ക് വരുമ്പോൾ തെളിവുകളുടെ വിശദാംശം ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിക്കും.
മോൻസൺ മുഖ്യപ്രതിയായ തട്ടിപ്പുകേസിൽ രണ്ടാം പ്രതിയാണ് കെ. സുധാകരൻ. കേസിൽ രഹസ്യമൊഴി നൽകിയ വ്യക്തിയാണ് പ്രധാനസാക്ഷി. സംഭവദിവസം മോൻസൻ്റെ വീട്ടിൽ വച്ച് സുധാകരൻ പണം കൈപ്പറ്റുന്നത് കണ്ടെന്നാണ് മൊഴി. ഈ സാക്ഷിയുമായി മോൻസൺ ഡൽഹിക്ക് പോയതിനുള്ള തെളിവും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. കേസിൽ സുധാകരനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല.
സുധാകരൻ്റെ മദ്ധ്യസ്ഥതയിൽ താൻ 25 ലക്ഷം രൂപ മോൻസണിന് നൽകിയെന്ന് പരാതിക്കാരിൽ ഒരാളായ അനൂപിൻ്റെ മൊഴിയുണ്ട്. ഇതിൽ പത്ത് ലക്ഷം രൂപ സുധാകരന് അനൂപ് മടങ്ങിയ ഉടനെ തന്നെ കൈമാറുന്നത് കണ്ടെന്നാണ് മോൻസൻ്റെ മുൻ ഡ്രൈവർ അജിത്തും ജീവനക്കാരായ ജെയ്‌സണും ജോഷിയും നൽകിയ മൊഴി.
Discussion about this post