മാവേലിക്കരയില്‍ ആറുവയസ്സുള്ള മകളെ വെട്ടിക്കൊന്ന പ്രതി പുന്നമൂട് ആനക്കൂട്ടില്‍ ശ്രീമഹേഷ് മൂന്ന് പേരെ കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നതായി പൊലീസ്. മകളായ നക്ഷത്രയെ കൊന്നത് ആസൂത്രിതമായാണെന്നും പൊലീസ് പറഞ്ഞു. നക്ഷത്രയെ കൂടാതെ അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് പ്രതി കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നത്. ഇവരെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ശ്രീമഹേഷിന്റെ പദ്ധതി എന്നാണ് മനസിലാക്കിയത്.
വ്യാഴാഴ്ച പ്രതിയെ അഞ്ചുമണിക്കൂറിലേറെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് ശ്രീമഹേഷില്‍ നിന്ന് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചത്. വൈരാഗ്യത്തിന്റെ പേരിലാണ് മകളെ കൊന്നതാണെന്നാണ് എഫ്ഐആറില്‍ വ്യക്തമാക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥ വിവാഹത്തില്‍ നിന്നും പിന്മാറിയിരുന്നു. അമ്മ സുനന്ദയും മകനെ കുറ്റപ്പെടുത്തി രംഗത്തു വന്നിരുന്നു. ഇതെല്ലാം ശ്രീമഹേഷിനെ ചൊടിപ്പിച്ചതായാണ് പൊലീസിന്റെ നിഗമനം.
മകളെ കൊല്ലാൻ ഉപയോഗിച്ച മഴു കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പില്‍ കട്ടിലിനടിയില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്ത് ജയിലിലെത്തിച്ചപ്പോള്‍ ശ്രീമഹേഷ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. നിലവില്‍ ആലപ്പുഴ മെഡിക്കൽ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഇതിനിടയിൽ നക്ഷത്രയുടെ അമ്മ വിദ്യയെയും ശ്രീമഹേഷ് കൊലപ്പെടുത്തിയതാണെന്ന് സംശയം പ്രകടിപ്പിച്ച് വിദ്യയുടെ അമ്മ രാജശ്രീ ലക്ഷമണൻ രംഗത്തുവന്നു. അഞ്ചുവർഷം മുൻപ് മരിച്ച നക്ഷത്രയുടെ അമ്മ ആത്മഹത്യ ചെയ്തത് ആയിരുന്നു എന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്.
Discussion about this post